നിയമന ഉത്തരവിൽ ഒപ്പിട്ടില്ല; ഡോക്‌ടറുടെ മുറി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പൂട്ടിയിട്ടു, പാണത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ

 

 

കാസർകോട്: പാലിയേറ്റിവ്‌ നഴ്സിന്റെ നിയമന ഉത്തരവിൽ ഉപ്പിട്ടില്ലെന്ന് ആരോപിച്ചു പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസറുടെ മുറി പൂട്ടിട്ടു. അതേസമയം മെഡിക്കൽ ഓഫീസർ മുറിയിൽ ഉണ്ടായിരുന്നില്ല. ഡോക്ടറുടെ പരാതിയിൽ രാജപുരം സിഐയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഒടുവിൽ താക്കോൽ തിരികെ നൽകാൻ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് വഴങ്ങുകയായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിയോട് കൂടി പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പാലിയേറ്റീവ് നഴ്സിന്റെ കരാർ പുതുക്കി നൽകണമെന്ന് പഞ്ചായത്ത് ഭരണസമിതി മെഡിക്കൽ ഓഫീസർ ഡോ. ഷബാന ബഷീറിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർ പുറത്ത് പോയ ശേഷം മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും മുറിയിലേക്ക് വന്നില്ല. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡണ്ട് മുറി പൂട്ടിയത്. ആത്മഹത്യാ പ്രവണതയ്ക്ക് ചികിത്സ തുടരുന്ന ആളാണ് നഴ്സന്നും നിയമന ഉത്തരവിൽ ഒപ്പു വയ്ക്കണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് മെഡിക്കൽ ഓഫീസർ നേരത്തെ പഞ്ചായത്തിനെ അറിയിച്ചിരുന്നു. അതിനിടെ നിയമനം നൽകേണ്ട ആൾക്ക് ആവശ്യമായ യോഗ്യതയില്ലെന്ന് പരാതിയും ലഭിച്ചിരുന്നു. അതിനാൽ ഇനി നിയമനം നടത്തണമെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി വേണമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞിരുന്നു. ഡോക്ടറുടെ മുറി താഴിട്ട് പൂട്ടിയതിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാർ അര മണിക്കൂർ ഒ പി ബഹിഷ്കരിച്ചു. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ എത്തിയ രാജപുരം എസ്.ഐ പ്രദീപ് കുമാർ ഡോക്ടറുമായും, പഞ്ചായത്ത് പ്രസിഡന്റുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വൈകുന്നേരം 4 മണിയോടു കൂടി പ്രശ്നംപരിഹരിച്ചു. അതേസമയം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ കെജിഎംഒ യെ ശക്തമായ പ്രതിഷേധം അറിയിച്ചു. ആരോഗ്യ കേന്ദ്രത്തിന് സംരക്ഷണം ഒരുക്കേണ്ട പഞ്ചായത്ത് അധികൃതർ തന്നെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് കുറ്റത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മെഡിക്കലി ഫിറ്റല്ലെന്ന് തോന്നിയ ഒരാൾക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ടാണ് ഇവർ മെഡിക്കൽ ഓഫീസറെ സമ്മർദ്ദത്തിലാക്കിയത്. സ്വന്തം ആൾക്കാരെ തിരുകി കയറ്റുന്നതിന് ആശുപത്രികളെ ഉപയോഗിക്കുന്നത് തീർത്തും തെറ്റായ പ്രവണതയാണ്. ഡോക്ടർമാർക്കെതിരെ ഇത്തരം അതിക്രമങ്ങൾ കെ ജി എം ഒ എ നോക്കി നിൽക്കില്ലെന്നും നീതിക്ക് വേണ്ടി ശക്തമായ സമരങ്ങളിലേക്ക് പോകുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page