കള്ളനോട്ടടി; ചെർക്കളയിലെ പ്രസിൽ പൊലീസ് റെയ്ഡ്

 

കാസര്‍കോട്: ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച 2,13,500 രൂപയുടെ 500 രൂപ കള്ളനോട്ടുകളുമായി നാലു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റിലായ പശ്ചാത്തലത്തിൽ ചെർക്കളയിലെ പ്രിന്റിംഗ് പ്രസിൽ വിദ്യാനഗർ പൊലീസ് റെയ്ഡ് നടത്തി. വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ യു പി വിപിന്റെ നേതൃത്വത്തിൽ ചെര്‍ക്കളയിലെ ശ്രീലിപി പ്രിന്റിംഗ് പ്രസിലാണ് റെയ്ഡ്. ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ് (38), മുളിയാര്‍, മല്ലം, കല്ലുകണ്ടത്തെ വിനോദ് കുമാര്‍ (33), പെരിയ, കുണിയ, ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (58), കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശി ബല്‍നാട്, ബെളിയൂര്‍കട്ടെ അയൂബ്ഖാന്‍ (51) എന്നിവരെ മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച്ച മണിക്കൂറുകളോളം റെയ്‌ഡ് നടത്തിയത്. ഇതിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രഹസ്യവിവരത്തെത്തുടര്‍ന്ന് മംഗ്‌ളൂരു ക്ലോക്ക് ടവറിനു സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മുറിയില്‍ നിന്നു 500 രൂപയുടെ 427 കള്ളനോട്ടുകളും നാല് മൊബൈല്‍ ഫോണുകളും പിടികൂടി. സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. സംഘത്തില്‍ കൂടുതല്‍ പേരുള്ളതായി സംശയിക്കുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അറസ്റ്റിലായ പ്രതികള്‍ക്ക് മറ്റേതെങ്കിലും കള്ളനോട്ടു കേസുകളുമായി ബന്ധം ഉണ്ടോയെന്നതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് കള്ളനോട്ട് അച്ചടിക്കുന്നതിനു ഇടയാക്കിയതെന്നാണ് പ്രിയേഷ് പൊലീസിനു നല്‍കിയ മൊഴി. യൂട്യൂബില്‍ നോക്കിയാണ് നോട്ടടിക്കുന്നതിനെ കുറിച്ച് പഠിച്ചതെന്നും നോട്ടടിക്കാനുള്ള കടലാസ് അടക്കമുള്ള സാമഗ്രികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് എത്തിച്ചതെന്നും മൊഴിയില്‍ പറയുന്നു. അതേ സമയം ഒരു ലക്ഷത്തിന്റെ കള്ള നോട്ടുകള്‍ നല്‍കിയപ്പോള്‍ പ്രിയേഷിനു 25000 രൂപ മാത്രമാണ് ലഭിച്ചതെന്നു മൊഴിയില്‍ പറയുന്നുണ്ട്. മലയാളികളായ മൂന്നു പേര്‍ കള്ളനോട്ടുമായി മംഗ്‌ളൂരുവില്‍ അറസ്റ്റിലായതിനെ കുറിച്ച് പൊലീസ് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page