കാസര്‍കോട് ജില്ലയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു; വാഹനങ്ങളും വീടുകളും തകര്‍ന്നു, വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് പലേടത്തും വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു

 

കാസര്‍കോട്: ബുധനാഴ്ച അര്‍ധരാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചേയും ജില്ലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റുകളില്‍ പരക്കെ നാശം വിതച്ചു. വാഹനങ്ങള്‍ തകര്‍ന്നു. മരങ്ങള്‍ പൊട്ടി വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി തൂണുകള്‍ പൊട്ടി ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. പുലര്‍ച്ചെയുണ്ടായ ചുഴലികാറ്റില്‍ നീലേശ്വരം നഗരസഭയില്‍ വിവിധ ഭാഗങ്ങളിലായി വ്യാപക നാശനഷ്ടമുണ്ടായി.
ചാത്തമത്ത്, പാലായി, കണിച്ചിറ ഭാഗങ്ങളില്‍ കാറ്റ് നാശം വിതച്ചു. വീടുകള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. ചാത്തമത്ത് എയുപി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ മരം വീണു. പി.അമ്പു, എ.കെ. സുശീല, സി.കെ.ബാലന്‍, സി.കെ.രവി, പ്രേമസുധ എന്നിവരുടെ വീടുകള്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുത തൂണുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതിയും മുടങ്ങി. പാലായി, കരപ്പാത്ത് തുടങ്ങിയ ഭാഗങ്ങളിലും തെങ്ങുകളും മരങ്ങളും കടപുഴകി. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

കാറ്റിലും മഴയിലും കാഞ്ഞങ്ങാട് സൗത്ത്, മുത്തപ്പനാര്‍ക്കാവ്, മൂവാരിക്കുണ്ട് പ്രദേശത്തും വന്‍നാശനഷ്ടമുണ്ടായി. മൂവാരിക്കുണ്ടിലെ കൃഷ്ണന്റെ വീടിന് മുകളില്‍ തെങ്ങ് പൊട്ടി വീണ് വീട് പൂര്‍ണമായും തകര്‍ന്നു. വീടിനകത്ത് ഉറങ്ങുകയായിരുന്നകൃഷ്ണനും കുടുംബവുംഅത്ഭുതകരമായ രക്ഷപ്പെട്ടു. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകരുകയും നിര്‍ധനരായ ഈ കുടുംബത്തിന്റെ കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിരിട്ടുണ്ട്. തൊട്ടടുത്തുള്ള അനിലിന്റെ വീടിനു മുന്നിലെ ഷീറ്റ്കിലോമീറ്റര്‍ അകലെ തെറിച്ചു പോവുകയും പൂര്‍ണ്ണമായുംതകരുകയും ചെയ്തു. കളത്തില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ മരം വീണ് തകരുകയും, വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കൂടാതെ അഞ്ചോളം തെങ്ങുകള്‍ കടപുഴകി വീണു.

കാറ്റില്‍ മരം പൊട്ടി വീണ് എളേരിത്തട്ട് മങ്കത്തിലെ ആമ്പിലേരി മനോജിന്റെ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. വീടിനോട് ചേര്‍ന്നുള്ള തേക്ക് മരം കാറ്റില്‍ കടപുഴകി വീഴുകയായിരുന്നു.
ചെറുത്തൂരിലും വ്യാപക നാശ നഷ്ടമുണ്ടായി. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് പിറക് വശത്തെ റോഡില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ പൊട്ടി വീണു. പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ തകര്‍ന്നു. 12 ഓളം വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതിയും തടസപ്പെട്ടുകിടക്കുകയാണ്. ചെറുവത്തൂരിലെ ആശുപത്രി പരിസരത്തെ ആല്‍ ഏതുനിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്. പിലിക്കോട് പഞ്ചായത്തിലും വ്യാപക നഷ്ടമുണ്ടായി.

രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ കയ്യൂര്‍ വെള്ളാട്ട് പ്രദേശത്ത് വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാര്‍ഷിക വിളകളും കാറ്റില്‍ നിലം പൊത്തി. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് ഈ പ്രദേശത്ത് വ്യാപകമായി കാറ്റ് വീശിയടിച്ചത്. വന്‍ മരങ്ങള്‍ കൂട്ടത്തോടെ റോഡിലേക്ക് പൊട്ടി വീണതിനാല്‍ വെള്ളാട്ട് അംഗനവാടി ക്ലായിക്കോട് തീരദേശ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഇ.പി.രാഘവന്‍, പി.പി.ശ്രീധരന്‍, ടി.കണ്ണന്‍കുഞ്ഞി, ഇ.പി.കാരിച്ചി, പി.പി.ലളിത, ഇ.പി.കുമാരന്‍, കെ.മഹേഷ് തുടങ്ങിയവരുടെ വീടുകള്‍ക്ക് മുകളില്‍ മരം വീണു. വൈദ്യുതി തൂണുകള്‍ക്കും ലൈനുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ റോഡിലെ മരങ്ങള്‍ മുറിച്ചു മാറ്റി ഗതാഗത യോഗ്യമാക്കി.
കാസര്‍കോട് കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. പെരുമ്പള, ചെര്‍ക്കള, കുട്ട്യാനം, പാടി, നെയ്യങ്കയം തുടങ്ങിയ സ്ഥലങ്ങളിലും നാശനഷ്ടമുണ്ടായി. ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page