മകനെ ബലികൊടുത്ത പിതാവ്‌

തന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ആരോ ഒരാളാണ് തനിക്ക് ഇങ്ങനെയൊരു ചതി നല്‍കിയതെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
അതിന് ഒന്നുമറിയാത്ത ആ ചെറുക്കനെ തുറുപ്പു ചീട്ടാക്കിയെന്ന് മാത്രം.
അവന്റെ മുഖം കണ്ടാലറിയാം അവന്‍ നിരപരാധിയാണെന്ന്.
കാരണം ഗള്‍ഫുകാരനെ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടുമുള്ള പോക്ക് വരവില്‍ ചുമപ്പിക്കുന്ന ഭാണ്ഡക്കെട്ടുകള്‍ അഴിച്ചു നോക്കാന്‍ അവര്‍ക്ക് ഗതിയില്ലല്ലോ.
അപ്പോ എന്തുതന്നാലും സ്വീകരിക്കാനും കടലുകടത്താനും നമ്മള്‍ ബാധ്യസ്ഥരാകും.
അതില്‍ അങ്ങനെയൊരു ചതി ഒളിപ്പിച്ചു വെക്കുന്നുണ്ടെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതില്ലല്ലോ.
അതോടെ അത്രയും നാള്‍ ഉയര്‍ത്തിപ്പിടിച്ച എന്റെ തല താണുതുടങ്ങി.
എവിടെയും അപമാനം കുത്തുവാക്കുകള്‍ ഒളിഞ്ഞും തെളിഞ്ഞും കള്ളക്കടത്തുകാരനാണെന്ന പറച്ചില്‍. കോയമ്പത്തൂരിലും ബോംബെയിലുമൊക്കെ ഒരുപാട് നാള്‍ പണിയെടുത്തതല്ലേ, അതിന്റെ ഗുണം കാണിക്കാതിരിക്കില്ലല്ലോയെന്ന നിഗമനവും അവര്‍ സ്വയമുണ്ടാക്കി.
ഇത്രയൊക്കെ സഹിച്ചിട്ടും പൊറുത്തിട്ടും തന്നെ പടച്ചവന്‍ ഇനിയും പരീക്ഷിക്കുകയാണോ എന്ന തോന്നല്‍ വല്ലാതെ കൂടിയപ്പോ മനസ്സ് കൈവിടുന്നത് പോലെ തോന്നിയിരുന്നു.
ഊണും ഉറക്കവുമില്ലാത്ത രാത്രികള്‍, മകന്റെ ഇപ്പോഴത്തെ അവസ്ഥ.
ഇനിയുള്ള അവന്റെ ഭാവി. ബിസ്സിനസ്സിലെ തകര്‍ച്ച…അങ്ങനെ പലതും തലക്കകത്ത് പെരുകിപ്പെരുകി ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
ആ ഭ്രാന്തിന്റെ പുറത്താണ് അന്ന് രാത്രി ആരോടും പറയാതെ വണ്ടിയുമെടുത്ത് എങ്ങോട്ടെന്നില്ലാത്ത യാത്രതിരിച്ചത്.
രാത്രിയുടെ കനം വച്ച നിശബ്ദതയും മനസ്സിന്റെ വേദനയും തലയ്ക്കുള്ളിലെ ഭ്രാന്തന്‍ ചിന്തകളും ഒത്തുകൂടിയപ്പോള്‍ ഇനിയും താന്‍ എന്തിനാണ് ജീവിക്കുന്നതെന്ന തോന്നല്‍ ഉള്ളില്‍ മുഴങ്ങാന്‍ തുടങ്ങി.
അനുഭവിച്ചിട്ടും തീരാത്ത പരീക്ഷണങ്ങളിങ്ങനെ വീണ്ടും വീണ്ടും തനിക്ക് മേല്‍ പതിക്കുന്നത് കാണുമ്പോ ജീവിതത്തോട് തന്നെ മടുപ്പ് തോന്നി.
താണ്ടിയ ദൂരത്തിന്റെയും അനുഭവിച്ച വേദനകളുടെയും കണക്കുകള്‍ ഹൃദയം മുറിപ്പെടുത്തുമ്പോള്‍ ഇനിയും വരാനിരിക്കുന്ന വിധിയുടെ ക്രൂര മുഖം മാത്രമാണ് മുന്നില്‍ തെളിഞ്ഞു വന്നത്.
അതു വല്ലാതെ ഭയപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തപ്പോ
മുന്നില്‍ കണ്ട വലിയ മരത്തിലേക്ക്, മരണത്തിന്റെ വണ്ടിയിലെന്ന പോലെ ഞാന്‍ വേഗത്തില്‍ പാഞ്ഞു കയറി.
പിന്നെ ഞാന്‍ കണ്ണ് തുറക്കുമ്പോ ഏതോ വലിയ മുറിക്കകത്തായിരുന്നു.
ശരീരത്തില്‍ നിറയെ വയറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
കണ്ണിന്റെ കാഴ്ച മങ്ങിപ്പോകുന്നത്രയും പ്രകാശം അവിടെ നിറഞ്ഞു കിടക്കുന്നു. ചുറ്റിലും വെള്ള വസ്ത്രധാരികളായ ഒരുപാട് മനുഷ്യര്‍. മരണം തന്നെയായിരുന്നു ലക്ഷ്യം.
എങ്കിലും ഞാന്‍ മരിച്ചു പോയെന്ന് തോന്നിയപ്പോ വല്ലാത്ത നിരാശ തോന്നി.
‘ഹമീദ്… താങ്കള്‍ക്ക് കേള്‍ക്കുന്നുണ്ടോ.?
ഞങ്ങളെ കാണാമോ.? അപരിചിതരായ ആരൊക്കെയോ തന്നെ തട്ടി വിളിച്ചു കൊണ്ട് ചോദിക്കുന്നുണ്ട്.
ഞാന്‍ ഒന്നു കൂടി കണ്ണടച്ചു തുറന്നു.
ഇപ്പോഴും അതേ വാക്കുകള്‍, അതേ ശബ്ദം എന്റെ കാതുകളില്‍ വന്ന് പതിക്കുന്നുണ്ട്.
ഒന്നൂടെയത് കേട്ടപ്പോ എനിക്ക് ബോധ്യമായി ഞാന്‍ മരിച്ചിട്ടില്ല.
കണ്ടത് സ്വര്‍ഗ്ഗമോ നരകമോ അല്ല.
ഏതോ വലിയ ഹോസ്പിറ്റല്‍ മുറിയാണ്.
അപ്പൊ ഇത്തവണയും പടച്ചവനെന്നെ കൈയൊഴിഞ്ഞിരിക്കുന്നു.
അങ്ങനെ നീണ്ട ആറു മാസത്തെ ചികിത്സ.
കൈകാലുകളിലെ ഒടിവും ചതവുമെല്ലാം അല്‍പാല്‍പമായി സുഖപ്പെട്ടു.
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടര്‍മാരും അറിയിച്ചു.
എന്റെയാ മരണശ്രമം നാട്ടിലും വീട്ടിലും വലിയ ചര്‍ച്ചാവിഷയമായി.
അതോടെ പ്രശ്‌ന പരിഹാരത്തിനായി പലരും രംഗത്തിറങ്ങി.
ഞാന്‍ മുമ്പ് പണം കൊണ്ടും വാക്ക് കൊണ്ടും തടി കൊണ്ടും സഹായിച്ചവരില്‍ പലരും ഉയര്‍ന്ന നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമൊക്കെയായി കഴിഞ്ഞിരുന്നു. രാഷ്ട്രീയക്കാരും ഉയര്‍ന്ന നേതാക്കളും കൂടെ കച്ചകെട്ടിയിറങ്ങിയപ്പോ നാട്ടില്‍ നിന്നും എന്നെ ചതിച്ചവനെ കയ്യോടെ പൊക്കി.
ഞാന്‍ കരുതിയത് പോലെ തന്നെ,തന്റെ വളര്‍ച്ചയില്‍ കണ്ണ് കടി കൊണ്ട് സഹിക്കവയ്യാതായപ്പോ പറ്റിച്ച പണി. അതോടെ നാട്ടുകാര്‍ക്ക് മുന്നില്‍ എന്റെ സത്യസന്ധത വെളിപ്പെട്ടു.
പക്ഷെ ഗള്‍ഫിലെ നിയമം.
അതിന് മാറ്റമൊന്നും സംഭവിക്കില്ലല്ലോ.
എങ്കിലും ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന എംബസിയുമായി ഇടപെട്ട് പോലീസുകാര്‍ തന്നെ ഒരു ശ്രമം നടത്തി.
അതില്‍ അല്‍പം വിജയം കാണുകയും ശിക്ഷയുടെ കാലാവധി കുറയുകയും ചെയ്തു.
പിന്നെ അവന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പായിരുന്നു എന്റെ ജീവിതം.
അന്ന് ആ പൊതി ഞാനാണ് അവന്റെ ബാഗിലേക്ക് തിരുകി വെച്ചത്.
ഞാനാണ് അവനോട് കുറ്റമേല്‍ക്കാന്‍ പറഞ്ഞത്. നിരപരാധിയായ അവനെ ഞാനാണ് കുറ്റവാളിയാക്കിയത്.
അതോര്‍ക്കുന്തോറും എന്റെ കരളു പറിയുന്നതുപോലൊരു വേദന കടന്ന് വരും.
കണ്ണീരിന്റെയും പ്രാര്‍ത്ഥനയുടെയും നാളുകള്‍ക്കൊടുവില്‍ അവന്‍ ശിക്ഷയുടെ കാലയളവ് കഴിഞ്ഞു നാട്ടിലേക്ക് തന്നെ മടങ്ങി. അങ്ങനെ ആ ദുഃഖത്തിനും അതോടെ തിരശീല വീണു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page