കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; 14 കാരന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അഞ്ചുദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന് സമീപത്തുള്ള കാട്ടും കുളത്തിൽ കുളിച്ചതിനുശേഷം ആണ് രോഗം പടർന്നത്. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും അടുത്തിടെ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെയാണ് ഈ മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാണപ്പെടുന്ന ‘ബ്രെയിൻ ഈറ്റർ’ എന്ന പേരിൽ അറിയപ്പെടുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. തലച്ചോറിനെയാണ് അമീബ ബാധിക്കുന്നത്. അതിനിടെ
ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചത്. പാലക്കാടും വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page