ഓഫീസിൽ റീൽസ് ചിത്രീകരണം; അച്ചടക്ക ലംഘനമെന്ന് അധികൃതർ; ജീവനക്കാർക്ക് മന്ത്രിയുടെ അഭിനന്ദനങ്ങൾ

തിരുവല്ല നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ അഭിനന്ദനവുമായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഞായറാഴ്ചയാണ് ചിത്രീകരണം നടത്തിയതെന്നാണ് നഗരസഭയിലെ ജീവനക്കാർ പറയുന്നത്. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാൽ സീനിയർ സൂപ്രണ്ടിനാണ് വിശദീകരണം നൽകിയത്. ദുരന്തനിവാരണത്തിന്റെ ഭാഗമായി കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ഇവർ ജോലിക്കെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽസ് എടുത്തതെന്നും ജീവനക്കാരുടെ വിശദീകരണത്തിൽ പറയുന്നു. അതേസമയം, നഗരകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. ഓഫിസ് സമയത്ത് ഓഫിസിനുള്ളിൽ റീൽസ് പകർത്തിയത് അച്ചടക്ക ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കൈപ്പറ്റി 3 ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടിസിൽ പറയുന്നത്. ഒൻപതു ജീവനക്കാർക്കാണു നോട്ടീസ് നൽകിയത്. “താഴ്വ‌ാരങ്ങൾ പാടുമ്പോൾ, താമരവട്ടം തളരുമ്പോൾ… ഇന്ദുകളങ്കം ചന്ദനമായെൻ കരളിൽ പെയ്‌….’ എന്ന പാട്ടിനൊപ്പം താളം പിടിച്ച് ചുവടുവച്ച് ഓഫിസ് ജോലികൾ ചെയ്യുന്ന തിരുവല്ല നഗരസഭയിലെ ജീവനക്കാർ പകർത്തിയ റീൽസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓഫിസിലെ ജീവനക്കാരുടെ കയ്യിലൂടെ ഫയൽ കൈമാറി പാട്ടിന്റെ വരികൾക്കനുസരിച്ച് ഓഫിസിന്റെ ഓരോ ഭാഗത്തെയും ജീവനക്കാർ താളം പിടിച്ച് പാട്ടു പാടി വിഡിയോയുടെ ഭാഗമാകുന്നു. ദൃശ്യം പകർത്തുന്ന സമയത്ത് ഓഫിസിൽ ആൾത്തിരക്കുണ്ടായിരുന്നില്ല. അതേസമയം ഇവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ മറ്റു ഓഫീസുകളിലെ ജീവനക്കാരും ഇതുപോലെ റീൽസുമായി എത്തും എന്നാണ് സോഷ്യൽ മീഡിയ വിമർശനം ഉയർത്തുന്നത് .

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page