റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ കൈ ചെയിന്‍ ഉടമയ്ക്ക് തിരികെ ഏല്‍പിച്ച് സര്‍ക്കാര്‍ ജീവനക്കാരന്‍

കാസര്‍കോട്: റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ കൈ ചെയിന്‍ ഉടമസ്ഥയ്ക്ക് തിരികെ ഏല്‍പിച്ച് പഞ്ചായത്ത് ജീവനക്കാരന്‍ മാതൃകയായി. പാപ്പിനിശേരി സ്വദേശിയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനുമായ ഷാനവാസ് ആണ് കൈ ചെയിന്‍ ഉടമസ്ഥയെ തിരിച്ചേല്‍പ്പിച്ചത്. ചെറുവത്തൂര്‍ സ്വദേശിനിയും മഞ്ചേശ്വരം എഇഒ ഓഫീസില്‍ ജീവനക്കാരിയുമായ പ്രീതയുടെ കൈ ചെയിന്‍ ആണ് ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറരയടെയാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കൈ ചെയിന്‍ നഷ്ടപ്പെട്ടത്. പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി ഒന്നാം പ്ലാറ്റ്‌ഫോമിലുള്ള മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കയറിയപ്പോഴാണ് സ്വര്‍ണം നഷ്ടമായതറിഞ്ഞത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ വഴി റെയില്‍വേ പൊലീസിന് വിവരം കൈമാറി. പൊലീസും അവസരോചിതമായ ഇടപെടല്‍ നടത്തിയിരുന്നു.റെയില്‍വേ പൊലീസും ക്ലീനിങ് സ്റ്റാഫും ഒന്നാം പ്ലാറ്റ് ഫോമിലും മറ്റും തെരച്ചില്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പുകളിലും വിവരം നല്‍കിയിരുന്നു. അതിനിടെയാണ് മൂന്നാംപ്ലാറ്റ് ഫോമില്‍നിന്ന് ഷാനവാസിന് കൈ ചെയിന്‍ കളഞ്ഞു കിട്ടിയത്. ഉടമസ്ഥനെ തേടുന്നതിനിടയില്‍ റെയില്‍വേ പൊലീസിനെ ബന്ധപ്പെട്ടു. അങ്ങനെയാണ് ഉടമസ്ഥനെ കുറിച്ച് വിവരം ലഭിച്ചത്. തിങ്കളാഴ്ച കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ വച്ച് ഉടമസ്ഥയ്ക്ക് ചെയിന്‍ കൈമാറി. എഎസ്‌ഐ എംവി പ്രകാശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പിപി അജയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കൈ ചെയിന്‍ തിരികെ ഏല്‍പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page