ആത്മസമർപ്പണത്തിന്റെ സ്മരണയിൽ സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ

ത്യാഗ സ്മരണയിൽ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാൾ. മസ്ജിദുകളിൽ രാവിലെ പെരുന്നാൾ നിസ്‌കാരം നടക്കും. ശേഷം വിശ്വാസികൾ ബലിയർപ്പണം നടത്തും. ഇബ്രാഹിം നബിയുടെയും പത്നി ഹാജറയുടെയും പുത്രൻ ഇസ്മായിലിന്റെയും ത്യാഗസമ്പന്നതയുടെ ഓർമ്മപുതുക്കലായാണ് വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ബലിപെരുന്നാൾ ആഘോഷം.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മായിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹീം നബി തീരുമാനിച്ച ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവ സന്ദേശമുണ്ടാകുകയായിരുന്നു. ഈ ഓർമ്മയിലാണ് മൃഗങ്ങളെ ബലി അറുക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. പരീക്ഷണങ്ങളെ അതിജീവിക്കുന്നതിൻ്റെ മാധുര്യം വിളംബരം ചെയ്യുക കൂടിയാണ് ഈ ദിനം. ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലും ഈദ് നമസ്കാരവും ഖുത്ബയും ബലികർമ്മങ്ങളും നടക്കും. ഇതിനായുള്ള എല്ലാ ക്രമീകരണവും പൂർത്തിയായി കഴിഞ്ഞു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ദിനം കൂടിയാണ് ബലിപെരുന്നാളെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി തങ്ങൾ ആശംസിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page