കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അനുകൂലമായി കോഴിക്കോടു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.
നയിക്കാന്‍ നായകന്‍ വരട്ടെ എന്ന പേരിലുള്ള ബോര്‍ഡ് മുരളീധരന്‍ അനുകൂലികളാണ് എഴുതി സ്ഥാപിച്ചതെന്നു ബോഡില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും പ്രവര്‍ത്തകര്‍ക്കു ആത്മവിശ്വാസവും ധൈര്യവും പകരാനും മുന്‍പന്തിയിലുണ്ടായിരുന്ന കെ മുരളീധരന്‍ ഇനിയും നായകനായുണ്ടാകണമെന്ന് ബോര്‍ഡ് പറയുന്നു. മുരളീധരനില്ലാതെ കോണ്‍ഗ്രസില്‍ തങ്ങളുണ്ടാവില്ലെന്നും ബോര്‍ഡ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.
അതേസമയം തൃശൂരിലെ തോല്‍വിക്കു പിന്നാലെയുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ശനിയാഴ്ച മുരളീധരന്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. തനിക്കു പാര്‍ട്ടി പദവി ആവശ്യമില്ലെന്നും ഇനി തിരഞ്ഞെടുപ്പു മത്സരത്തിനു താനില്ലെന്നും മുരളീധരന്‍ വെളിപ്പെടുത്തിയിരുന്നു.
