കാസര്‍കോട്: കാഞ്ഞങ്ങാട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതി സലിമിനെ കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി. പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദിന്റെ അപേക്ഷ പരിഗണിച്ചാണ് പോക്സോ കോടതിയുടെ ചുമതലയുള്ള കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി പരിഗണിച്ചത്. ഹോസ്ദൂര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപേക്ഷ നല്‍കിയത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. സംഭവ സ്ഥലത്ത് നിന്നും പൊലീസ് ശേഖരിച്ച മുടി ഉള്‍പ്പെടെയുമായി ഒത്ത് നോക്കുന്നതിനായി പ്രതിയുടെ ഡിഎന്‍എ പരിശോധന നടത്തും. കണ്ണൂരിലെ ലാബിലേക്ക് നേരത്തെ ശേഖരിച്ച വസ്തുക്കള്‍ പരിശോധനക്ക് അയച്ചിരുന്നു. പ്രതിയെ പെണ്‍കുട്ടിയില്‍ നിന്നും കവര്‍ന്ന ആഭരണം കണ്ടെടുക്കാന്‍ കൂത്തുപറമ്പിലെ ജ്വല്ലറിയിലേക്കും പ്രതിയെ നാളെ കൊണ്ട് പോകും. ആഭരണം കണ്ടെടുക്കും. 6,000 രൂപക്ക് ആഭരണം വില്‍പ്പന നടത്തിയതിന്റെ ബില്ലും പ്രതിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി താമസിക്കുന്ന പ്രദേശത്തെ വീടുകളില്‍ കഴിഞ്ഞ പതിമൂന്നാം തീയതി സലീം മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. മോഷ്ടിച്ചത് മുക്കുപണ്ടമായിരുന്നു. മറ്റൊരു വീട്ടില്‍ മോഷ്ടിക്കാന് കയറിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ കൂടി പിഎ സലീമിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.