നെടുങ്കണ്ടം : നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മാവടി ഇന്ദിരനഗർ പ്ലാക്കൽ വീട്ടിൽ സണ്ണി(57)യെ ചൊവ്വാഴ്ച രാത്രിയായിരുന്നു വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സണ്ണിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെ വെടിവെച്ചതാണെന്ന് കസ്റ്റഡിയിലുള്ള പ്രതികളായ മാവടി തകടിയേൽ സജി ജോൺ,മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരെ ചോദ്യം ചെയ്തതോടെ പോലീസ് സ്ഥിരീകരിച്ചു. പ്രതികളിൽ ഒരാളായ ബിനു ചാരായ കേസിൽ മുമ്പ് അറസ്റ്റിലായിരുന്നു. ചാരായ വാറ്റിൻറെ വിവരങ്ങൾ എക്സൈസിന് നൽകിയത് സണ്ണിയാണെന്ന് കരുതിയായിരുന്നു കൊലപാതകം. അറസ്റ്റിലായ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സണ്ണിയെ കൊലപ്പെടുത്തിയ ശേഷം മത്സ്യകൃഷിക്കായി താത്കാലികമായി ഉണ്ടാക്കിയ കുളത്തിൽ തോക്ക് ഉപേക്ഷിച്ചിരുന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സണ്ണിയുടെ തലക്കായിരുന്നു വെടിയേറ്റത്. വെടിയൊച്ച കേട്ട് അടുത്ത മുറിയിൽ കിടക്കുകയായിരുന്ന ഭാര്യ സിനി വന്ന് നോക്കിയപ്പോൾ രക്തത്തിൽ കുതിർന്ന നിലയിൽ സണ്ണിയെ കാണുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് വെടിയേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയതിൽ സണ്ണി ഉറങ്ങിയ മുറിക്ക് അഭിമുഖമായുള്ള അടുക്കള ഭിത്തിയിൽ 5 ഇടങ്ങളിലായി വെടിയുണ്ട പതിച്ചെന്ന് കണ്ടെത്തുകയും ചെയ്തു. കർഷകന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ 50 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കഴിഞ്ഞ ദിവസം തന്നെ പ്രതികൾ പൊലീസ് കസ്റ്റഡിയിലായിരുന്നു.