സിനിമയില്‍ അവസരം നല്‍കാമെന്ന് പ്രലോഭനം; സംവിധായകന്‍ ഒമര്‍ ലുലു പീഡിപ്പിച്ചതായി നടിയുടെ പരാതി; സംവിധായകന്റെ പ്രതികരണം ഇതാണ്

സിനിമ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ലൈംഗിക പീഡനത്തിന് കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.
കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.
ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയില്‍ പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും അടുത്ത സുഹൃത്തായിരുന്നുവെന്നും ഒമര്‍ ലുലു പറഞ്ഞു. യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് വ്യക്തിവിരോധം വന്നുവെന്നും ഇതാണ് പരാതിക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ഒമര്‍ ലുലു പറഞ്ഞു. പരാതിക്കാരിക്ക് പിന്നില്‍ ബ്ലാക്‌മെയിലിംഗ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകന്‍ പറയുന്നു. അതേസമയം സംവിധായകനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അറിയുന്നു. 2016ല്‍ റിലീസ് ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഒമര്‍ ലുലു സിനിമാ സംവിധാന രംഗത്ത് എത്തുന്നത്. ഹണി റോസ്, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചങ്ക്‌സ് റിലീസ് ചെയ്തു. എന്നാല്‍ മൂന്നാം ചിത്രമായ ഒരു അഡാര്‍ ലവ് ഒമറിനെ ഇന്ത്യയ്ക്ക് അകത്തും പുറത്തും ശ്രദ്ധേയനാക്കി മാറ്റിയിരുന്നു. ധമാക്ക ആയിരുന്നു നാലാമത്തെ സിനിമ. അഞ്ചാമത്തെ ചിത്രമായ നല്ല സമയം റിലീസ് വേളയില്‍ ഏറെ വിവാദങ്ങള്‍ നേരിട്ടിരുന്നു. സിനിമയിലൂടെ എം.ഡി.എം.എയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് കോഴിക്കോട് എക്‌സൈസ് കേസെടുത്തിരുന്നു. തുടര്‍ന്ന് റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം തിയേറ്ററുകളില്‍ നിന്നും സിനിമ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page