വൊര്‍ക്കാടി സ്വദേശിയുടെ ദുരൂഹമരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി; സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയച്ചു

കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തിൽ പോസ്റ്റുമോര്‍ട്ടം നടന്നു. സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കുഴിയിൽ നിന്ന് എടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ ആര്‍.ഡി.ഒ അനുമതി നല്‍കിയിരുന്നു.
വൊര്‍ക്കാടി മജീര്‍പ്പള്ളത്തെ ബദിയാറുവിലെ മുഹമ്മദിന്റെ മകന്‍ അഷ്‌റഫ് (44) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മെയ് 6ന് രാവിലെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം കന്യാന, റഹ്‌മാനിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കിയിരുന്നു. ദിവസങ്ങൾക്ക് ശേഷം പൂനയിലായിരുന്ന സഹോദരന്‍ ഇബ്രാഹിം നാട്ടിലെത്തിയതോടെയാണ് സഹോദരന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചത്. സംശയം കനത്തതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച ജില്ലാ പൊലീസ് മേധാവി വിശദമായ അന്വേഷണത്തിന് മഞ്ചേശ്വരം പൊലീസിന് നിര്‍ദ്ദേശം നൽകുകയായിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വ്യാഴാഴ്ച രാവിലെ മെഡിക്കല്‍ സംഘവും പൊലീസും കന്യാനയിലെത്തി പ്രത്യേക പന്തലൊരുക്കിയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page