ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി ആക്രമിച്ച ക്രൂരന്‍ ആര്? ഡിഎന്‍എ ടെസ്റ്റ് ഫലവും പ്രതീക്ഷിച്ച് അന്വേഷണ സംഘം, എല്ലാ സാധ്യതകളും പരിശോധിക്കാന്‍ നിര്‍ദ്ദേശം

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ആക്രമിച്ചതാര്? അക്രമി എങ്ങനെ വീട്ടിലേക്കെത്തി? ആരുടെയെങ്കിലും സഹായം അയാള്‍ക്ക് കിട്ടിയിരുന്നോ? കേരളത്തെ നടുക്കിയ സംഭവത്തില്‍ നാല് ദിവസം പിന്നിട്ടിട്ടും ഉത്തരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച വെളുപ്പിനാണ് കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയി ആക്രമിച്ചശേഷം കമ്മലുമായി അക്രമി സ്ഥലം വിട്ടത്. അതിന് ശേഷം അവശയായ പെണ്‍കുട്ടി സമീപത്തെ വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചു. അവര്‍ അയല്‍വാസിയെ വിവരം അറിയിച്ചു. ഇരുവീട്ടുകാരും കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചു. പെണ്‍കുട്ടി അവരോട് പറഞ്ഞ കാര്യങ്ങള്‍ അവരെയും വേദനിപ്പിച്ചു. പതിവ് പോലെ പുലര്‍ച്ചെ രണ്ടര മണിയോടെ വല്യച്ഛന്‍ കറവിന് പോയി. ഈ സമയത്ത് വീടിന്റെ മുന്‍ വശത്തെ വാതില്‍ വഴി അകത്തു കടന്ന അക്രമി പെണ്‍കുട്ടിയെ എടുത്ത് അടുക്കള വാതില്‍ വഴി പുറത്തേക്ക് കടന്നു. കുട്ടി നിലവിളിക്കാതിരിക്കാന്‍ വായ് പൊത്തിപ്പിടിച്ചിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയേയും എടുത്ത് നടക്കാന്‍ കഴിയാതെ വന്നപ്പോള്‍ താഴെയിറക്കി. ബഹളം വെക്കാതിരിക്കാന്‍ അപ്പോഴും വായ പൊത്തിപ്പിടിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നു പറയുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്ത് എത്തി. ഡി.ഐ.ജി.യും ജില്ലാ പൊലീസ് മേധാവിയും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുമെത്തിയിരുന്നു. നാടിനെ നടുക്കിയ സംഭവത്തിന് പിന്നിലെ ആക്രമിയെ അറിയാന്‍ നാട്ടുകാരും പൊലീസിനൊപ്പം അണിനിരന്നു. പ്രദേശത്തെ വീടുകളിലെല്ലാം പൊലീസും നാട്ടുകാരും കയറിയിറങ്ങി. അന്വേഷണം നാലാം ദിവസമായ ഇന്നും തുടരുന്നു. അന്വേഷണത്തിനിടയില്‍ നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ കുറിച്ചുള്ള വിവരം അധികൃതര്‍ക്ക് ലഭിച്ചു. കഞ്ചാവ് ലഹരിയില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ആള്‍ തന്നെയായിരിക്കും അക്രമത്തിനു പിന്നിലെന്നു അന്വേഷണ സംഘവും സംശയിക്കുന്നു. കുറ്റകൃത്യം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ പരിശോധന ഫലം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പരിശോധനാ ഫലം അനുകൂലമെങ്കില്‍ പ്രതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page