കാറഡുക്ക സൊസൈറ്റിയിലെ പണയത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രതി രതീശൻ ഗോവയിലേക്ക് കടന്നതായി സൂചന

കാസർകോട്: കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പണയത്തട്ടിപ്പ് കേസ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനാണ് അംഗങ്ങളറിയാതെ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ‌ തട്ടിപ്പ് നടത്തിയത്. പൊലീസ് അന്വേഷിക്കുന്ന ഇയാൾ കർണാടക ഹാസനിൽ നിന്ന് ഗോവയിലേക്ക് എത്തിയതായി സൂചന. ബംഗളൂരു സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കർണാടകം വിട്ടതായി വ്യക്തമായത്. ഇയാളെ കണ്ടെത്താൻ ആദൂർ പൊ ലീസ് കർണാടകയിൽ തമ്പടിച്ചിരിക്കുകയാണ്. വ്യാജ രേഖകൾ ഉണ്ടാക്കി സഹകരണ സംഘത്തിൽ നിന്ന് 4.76 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. അതേസമയം തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെങ്കിൽ ഇയാളെ കണ്ടെത്തേണ്ടിവരും. കാറഡുക്കയിലെ ഒരു നേതാവാണ് പ്രതിയുമായി അടുത്ത ബന്ധമുള്ളത്. ഇയാളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവിലും വയനാട്ടിലും രതീശൻ സ്ഥലം വാങ്ങിക്കൂട്ടിയതായി വിവരം ലഭിച്ചിട്ടുണ്ട്. സൊസൈറ്റിയിലെ ജീവനക്കാരനുമായി നല്ല ബന്ധം പുലർത്തിയിരുന്ന രതീശൻ അവധിയിൽ പോയ സമയത്താണ് ക്രമക്കേട് നടത്തിയതായി സൂചന. അതേസമയം
നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പെന്ന ആരോപണവുമായി യു.ഡി എഫ് രംഗത്ത് വന്നിരുന്നു.
സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വൻ തട്ടിപ്പ് നടന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായുള്ള സി.പി.എം സംസ്ഥാന കമ്മറ്റി അംഗം സി എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ
വെളിപ്പെടുത്തലോടെയാണ് പാർട്ടി കൂടുതൽ പ്രതിസന്ധിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page