തിരുവനന്തപുരം: മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ.റാമിനെ (68) വീട്ടുവളപ്പിലെ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടിൽനിന്ന് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി എട്ടരയോടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം. രാജാജി നഗറിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
എൻ.റാം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറായിരിക്കെയാണ് 2006-2011 വർഷത്തിൽ മന്ത്രിയുടെ സ്റ്റാഫിലേക്ക് നിയമിതനായത്. കെജിഒഎ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ശ്രുതി, സ്മൃതി. മരുമക്കൾ: അർജുൻ, അനൂപ്.
