കുഞ്ചത്തൂര്‍ അപകടം: പിതാവിനും രണ്ട് മക്കള്‍ക്കും കാസര്‍കോട് വിട നല്‍കി; മൃതദേഹങ്ങള്‍ കൊണ്ടു പോവുക മൂന്ന് ആംബുലന്‍സുകളില്‍

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂരില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പിതാവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ സ്വദേശമായ തൃശൂരിലേക്ക് കൊണ്ടു പോകും. ചൊവ്വാഴ്ച ഉച്ചക്ക് 11 മണിയോടെ കുഞ്ചത്തൂരിലുണ്ടായ അപകടത്തില്‍ തൃശൂര്‍, ഇരിങ്ങാലക്കുട, കണ്ടേശ്വരം സ്വദേശികളായ പുതുമന, ‘ശിവദ’ത്തില്‍ ശിവകുമാര്‍ മേനോന്‍ (54), മക്കളായ ശരത്മേനോന്‍ (23), സൗരവ് എസ് മേനോന്‍ (15) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും മംഗളൂരുവിലേക്ക് രോഗിയേയും കൊണ്ട് പോവുകയായിരുന്ന ആംബുലന്‍സും കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ വെച്ച് കൂട്ടിയിടിച്ചാണ് അപകടം. ശിവകുമാറും ശരത്തും സംഭവസ്ഥലത്തുവെച്ചും സൗരവ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരണപ്പെട്ടത്.
ശരത്മേനോന്റെ മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ആണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. പോസ്റ്റുമോര്‍ട്ടം നടപടി രാവിലെ തന്നെ പൂര്‍ത്തിയായിരുന്നു. ശിവകുമാറിന്റെയും ഇളയ മകന്‍ സൗരവിന്റെയും മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അപകടവിവരമറിഞ്ഞ് ശിവകുമാറിന്റെ സഹോദരന്‍ ഭരത്രാജും ബന്ധുവായ ഗോപകുമാറും ചൊവ്വാഴ്ച തന്നെ കാസര്‍കോട്ടെത്തിയിരുന്നു.
35 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന ശിവകുമാര്‍ കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്.
ശനിയാഴ്ച ബംഗളൂരുവിലുള്ള ബന്ധുവിനെ കാണാന്‍ മക്കളെയും കൂട്ടി കാറിലാണ് ശിവകുമാര്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. ബംഗളൂരുവിലെത്തി ബന്ധുവിനെ കണ്ട ശേഷമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. അച്ഛനും മക്കളും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ട് മരണപ്പെട്ടത്.
ബിടെക് പഠനം പൂര്‍ത്തിയാക്കിയ ശരത് അയര്‍ലന്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥിയാണ് സൗരവ്. ഇരിങ്ങാലക്കുട, ചന്തക്കുന്നില്‍ ജനസേവന കേന്ദ്രം നടത്തുന്ന സ്മിതയാണ് ഭാര്യ. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൂന്നു പേരുടെയും മൃതദേഹങ്ങള്‍ മൂന്ന് ആംബുലന്‍സുകളിലായാണ് ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോവുക.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page