ഒടുവിൽ കോടതി ഇടപെടേണ്ടി വന്നു; ബസ് തടഞ്ഞ സംഭവത്തിൽ എട്ടു ദിവസങ്ങൾക്ക് ശേഷം മേയർക്കും എംഎൽഎക്കും എതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: എട്ടു ദിവസങ്ങൾക്ക് ശേഷം മേയര്‍-കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെ സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരേ പൊലീസ് കേസെടുത്തു. മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരേ കേസ് എടുക്കാന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കാനാണ് നിര്‍ദേശം.
തിരുവനന്തപുരം വഞ്ചിയൂർ സിജെഎം 3 കോടതിയുടെ നിര്‍ദേശപ്രകാരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. അതേസമയം മേയറും എംഎൽഎയും ഉൾപ്പെട്ട സംഘം കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നും യാത്രക്കാരെ ഇറക്കി വിട്ടു എന്നും ആരോപിച്ച് ഡ്രൈവർ യദു സമർപ്പിച്ച പരാതി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് നാളെ പരിഗണിക്കും.
ഏപ്രില്‍ 27നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ദേവ് എന്നിവരും കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദുവുമായി തര്‍ക്കമുണ്ടാകുന്നത്. തൊട്ടടുത്തദിവസം യദു ഇരുവര്‍ക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്‌റ്റേഷനിലും സിറ്റി പൊലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് മേയര്‍, എംൽഎല്‍എ, കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തത്. മേയറും കുടുംബവും ഒരു തെറ്റും ചെയ്തില്ലെന്നായിരുന്നു തുടക്കം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പറഞ്ഞിരുന്നത്. കേസെടുത്തതോടെ പാര്‍ട്ടി നേതൃത്വവും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതിനാല്‍ അടുത്ത ദിവസം തന്നെ മേയറും എംഎല്‍എയും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page