കൂക്കാനം റഹ്‌മാന്‍
365 ദിവസം എന്റെ കൂടെ കഴിഞ്ഞ വേദനകളും സന്തോഷങ്ങളും സത്യസന്ധമായി പങ്കുവെച്ച കൂട്ടുകാരി 2003 ലെ ഡയറിയോട് വേദനയോടെ വിട പറയുന്നു. എന്നെ ദ്രോഹിച്ചവരെ, കഷ്ടപ്പെടുത്തിയവരെ, ഭയപ്പെടുത്തിയവരെ, അവഹേളിച്ചവരെ കുറിച്ച് എല്ലാം മഷി പുരണ്ട നിന്റെ താളുകളില്‍ എന്നും കാണാം. അതിന് പുറമേ സ്നേഹിച്ചവരുണ്ട്, ആദരിച്ചവരുണ്ട്, അഭിനന്ദിച്ചവരുണ്ട് സഹായിച്ചവരും സഹകരിച്ചവരുമുണ്ട് അവരെക്കുറിച്ചുള്ള ചിത്രങ്ങളും നിന്നില്‍ കോറി ഇട്ടിട്ടുണ്ട് ഞാന്‍. രോഗവും മരുന്നും ആശുപത്രി വാസവും ഇടയ്ക്കിടെ നിന്നോട് പറഞ്ഞിട്ടുണ്ട്. സ്നേഹിതന്മാരും ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും ചെയ്ത സഹായസഹകരണങ്ങളും നിന്നില്‍ കുറിച്ചു വെച്ചിട്ടുണ്ട്. സാധാരണയായി 10.30നും 10.45നും ഇടക്കാണ് നിന്നെ എടുത്ത് മടിയില്‍ വെച്ച് കിന്നാരം പറയുകയും കണ്ണീരോടെ വേദന പങ്കിടുകയും ചെയ്യാറുള്ളത്. ദിനേനയുള്ള അനുഭവങ്ങള്‍ നിന്നോടായി പറഞ്ഞിട്ടില്ലെങ്കില്‍ മനസ്സിന് സ്വസ്ഥത കിട്ടില്ല. നിന്നോടുള്ള പ്രണയം 14 ലെത്തിയ കൗമാരക്കാരനായ എന്നില്‍ മുള പൊട്ടിയതാണ്. കൃത്യമായി പറഞ്ഞാല്‍ 1964 മുതല്‍ ഈ ദിവസം വരെ ഞാന്‍ നിന്നെ പുണരാതെ ഉറങ്ങാറില്ല. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തലശ്ശേരിക്കാരനായ സി.വി ബാലകൃഷ്ണന്‍ മാഷാണ് നിന്റെ സൗന്ദര്യത്തെക്കുറിച്ചും നന്മയെക്കുറിച്ചും പറഞ്ഞു പഠിപ്പിച്ചത്. അന്ന് തുടങ്ങിയതാണ് നിന്നോടുള്ള കൗതുകം. ഓരോ ജനുവരി ഒന്നിനും പുതിയ ഒരാളെ കൂട്ടിന ്കൂട്ടും. ഓരോ വര്‍ഷവും ഡിസംബര്‍ 31 ന് സ്നേഹപൂര്‍വ്വം നിന്നെ പോലുള്ളവരോട് വിടചൊല്ലും. ഡയറി കാമുകിമാരില്‍ പലതരക്കാര്‍ ഉണ്ടായിരുന്നു. തടിച്ചവര്‍ ഉണ്ട്, കുള്ളന്‍മാര്‍ ഉണ്ട്, നീണ്ടു മെലിഞ്ഞവരുണ്ട്, മൊഞ്ചത്തികള്‍ ഉണ്ട്. എല്ലാവരെയും തുല്യരായി ഞാന്‍ പരിഗണിച്ചിട്ടുണ്ട്. സ്നേഹിച്ചും ലാളിച്ചും അവരെ ഒക്കെ ഇന്നും പൊന്നുപോലെ സംരക്ഷിക്കുന്നുണ്ട് ഞാന്‍….