നാരായണന് പേരിയ
‘പൊലീസ് സംശയം തോന്നിയിട്ട് ആരെയും പിന്തുടരാന് പാടില്ല; കോടതിയുടെ വിധിയുണ്ടത്രെ. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവും. ഇത് രണ്ടും പ്രാബല്യത്തിലിരിക്കെ പൊലീസ്, വിദ്യാര്‍ത്ഥികളെ പിന്തുടര്ന്നത് തികഞ്ഞ നിയമലംഘനം”
പരാതിക്കാരിയുടെ വക്കീലിന്റെ വാദം അംഗീകരിച്ച് ചീഫ് സെക്രട്ടറിയും ജില്ലാ കലക്ടറും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു-പത്രവാര്‍ത്ത.
അംഗഡിമൊഗര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി, കുമ്പള പേരാല്‍ കണ്ണൂരിലെ ഫര്‍ഹാസിന്റെ (17)മാതാവിന്റെ ഹര്‍ജിയുടെ പുറത്തായിരുന്നു കോടതിയുടെ ഉത്തരവ്. 2023 ആഗസ്റ്റ് 25-ാം തിയ്യതി സ്കൂളില്‍ ഓണാഘോഷം നടക്കുകയായിരുന്നു. ഫര്‍ഹാസും കൂട്ടുകാരും സ്കൂള്‍ ഗ്രൗണ്ടിന് പുറത്ത്, ഒരു കാറില്‍ ഇരിക്കുകയായിരുന്നു. ഉത്സവാഘോഷമെന്നാല് ‘ആള്‍ക്കൂട്ട’ ത്തിന്റെ മേളയാണല്ലോ. പലതും സംഭവിക്കാനുള്ള സാധ്യതകളുണ്ട്. പൊലീസ് ശ്രദ്ധിച്ചില്ല എന്ന പരാതി വേണ്ട; നിരീക്ഷണത്തിനായി പൊലീസെത്തി. പൊലീസ് വാഹനം കണ്ടപ്പോള്‍ ഫര്‍ഹാസും സംഘവും അതിവേഗം കാറോടിച്ച് പോയി. സംശയം ബലപ്പെട്ട പൊലീസ് (ഇക്കാലത്തെ വിദ്യാര്ത്ഥികളല്ലേ, മദ്യമോ മയക്കുമരുന്നോ എന്തും…) കാറിനെ പിന്തുടര്ന്നു. പിന്നാലെ പൊലീസുണ്ട് എന്ന് മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ വേഗം കൂട്ടി. നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു. ഫര്‍ഹാസിന് സാരമായ പരിക്കേറ്റു. മംഗലാപുരത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാലാം നാള് ഫര്‍ഹാസ് കണ്ണടച്ചു.
മകന്റെ അപമൃത്യുവിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം; ശിക്ഷിക്കണം, തക്കതായ നഷ്ടപരിഹാരം നല്‍കണം. എസ്.ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. ഫര്‍ഹാസിന്റെ മാതാവ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഹര്‍ജിയിലാണ് അവരുടെ വക്കീല്‍ മേല്‍പ്പറഞ്ഞ വാദം കോടതി മുമ്പാകെ ഉന്നയിച്ചത്.
പൊലീസ് തങ്ങളുടെ ഔദ്യോഗിക കൃത്യ നിര്വ്വഹണത്തിലേര്പ്പെട്ടതേയുള്ളു-ഉത്സവസ്ഥലത്ത് നിരീക്ഷണം നടത്തുക. സംശയകരമായി ആരെങ്കിലും പെരുമാറുന്നത് കണ്ടാല്‍ സൂക്ഷ്മ പരിശോധന. ഇവിടെയും അതാണുണ്ടായത്. പൊലീസിനെ കണ്ടപ്പോള്‍ ഒരു വാഹനം അതിവേഗം ഓടിച്ചു പോവുക; പിന്തുടരാതെ അത് അതിന്റെ വഴിക്ക് പൊയ്ക്കോട്ടെ എന്ന് വിടുകയാണോ വേണ്ടത്? പിന്തുടര്ന്നപ്പോള് ആ വാഹനം വേഗത കൂട്ടി. സംശയം ബലപ്പെടും, അനിഷ്ടമെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ വിരല്‍ചൂണ്ടുക പൊലീസിന് നേര്‍ക്കായിരിക്കും. യഥാസമയം ഇടപെട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ എന്ന് ചോദിക്കും. പിന്തുടരാന് പാടില്ലെന്ന് ഏത് കോടതിയാണ് വിധിച്ചത്? ഏത് സാഹചര്യത്തില്‍? ഇങ്ങനെയായാല്‍ എന്താകും നാട്ടിലെ ക്രമസമാധാനത്തിന്റെ അവസ്ഥ?
വരുന്ന ജൂണില്‍ പൊലീസ് ചീഫും, ചീഫ് സെക്രട്ടറിയും ജില്ലാ കലക്ടറും ഇത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം എന്നാണല്ലോ ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവ്. എന്ത് ബോധിപ്പിക്കുന്നു എന്നറിയട്ടേ; അതിന്റെ പുറത്ത് ബഹു.ന്യായാസനം എന്ത് പറയുന്നു എന്നും.
ഒരു സങ്കല്പകഥ: ഒരു പാതിരാത്രി-നേരമല്ലാത്ത നേരം അങ്ങേ മുറിയില്‍ എന്തോ ഒരനക്കം. പൊലീസിനെ വിളിച്ചു. അവര്‍ ഉടനെയെത്തി; ആരോ ഓടിപ്പോകുന്നത് കണ്ടു. പൊലീസ് പിന്തുടര്ന്നു. ഓടിപ്പോയ ‘രാത്രിഞ്ചരന്’ പറമ്പിലെ ‘ആള്‍മറി’ യില്ലാത്ത തുറന്ന കിണറില്‍ വീണു. പകുതിയോളം വെള്ളമുള്ള ആഴക്കിണര്‍. പിന്തുടര്‍ന്നോടിച്ച പൊലീസുകാര്‍, ആള്‍മറി കെട്ടാതെ, കിണര്‍ തുറന്നിട്ട വീട്ടുകാര്‍-എല്ലാവരും പ്രതിക്കൂട്ടിലാകുമോ കള്ളന് വല്ലതും പറ്റിയാല്‍?
ഫര്‍ഹാസിന്റെ മാതാവിന്റെ വക്കീലിന്റെ വാദവും ഹൈക്കോടതിയുടെ ഉത്തരവും മേല്‍ക്കോടതിയും അംഗീകരിക്കുന്ന പക്ഷം, പൊലീസുകാര്‍ക്ക് പരമസുഖം! വെറുതെ കാഴ്ച കണ്ട് നില്ക്കാം!