പൊലിവ് നിറയും ഈദുല്‍ ഫിത്വര്‍

പെരുന്നാള്‍ ആവേശത്തിന്റേയും ആഹ്ലാദത്തിന്റേയും സുദിനമാണ്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ ആഘോഷിക്കുന്ന സുദിനമാണത്.
റമളാന്‍ പടിയിറങ്ങി നമ്മളോട് വിടപറഞ്ഞ് പോയാല്‍ ശവ്വാല്‍ ഒരു വിരുന്നുകാരനെ പോലെ വന്നു കഴിഞ്ഞാല്‍ ചെറിയ പെരുന്നാളാഘോഷമാണ്. റമളാന്‍ മാസം മുപ്പത് ദിവസം പട്ടിണി കിടന്ന് വ്രതമനുഷ്ഠിച്ച് സല്‍കര്‍മ്മങ്ങളില്‍ മുഴുകി പാപക്കറകള്‍ കഴുകിക്കളഞ്ഞ് മനസ്സും ശരീരവും ശുദ്ധിയാക്കിയ സത്യവിശ്വാസികളുടെ പുണ്യസുദിനമാണ് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍. പുത്തനുടുപ്പിട്ട് പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിച്ച് പരസ്പരം സ്‌നേഹത്താല്‍ ആശ്ലേഷിച്ചും ഈദ് സന്ദേശങ്ങള്‍ കൈമാറിയും ചെറിയ പെരുന്നാള്‍ കൊണ്ടാടുന്നു. കുടുംബ വീടുകളും സുഹൃത്ത് ഭവനങ്ങളും സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന ഒരു ദിനമാണത്.
കൊച്ചു കുഞ്ഞുങ്ങള്‍ പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് പൂമ്പാറ്റകളായി പാറി നടന്നു സന്തോഷം കൊള്ളുന്ന സുദിനം. കൈകളില്‍ മൈലാഞ്ചിയിട്ടും കൈമുട്ടി പാട്ടുകള്‍ പാടിയും പെരുന്നാളിനെ വരവേല്‍ക്കുന്ന സുന്ദരിമാരും, പലതരം അപ്പങ്ങള്‍ ചുട്ടെടുക്കുന്ന തിരക്കില്‍ മാതാക്കളും ഈ ദിനത്തില്‍ സന്തോഷത്തിന്റെ മഴവില്ല് വിരിയിക്കുകയാണ്. കടകമ്പോളങ്ങളില്‍ പെരുന്നാളിന്റെ വിപണി തകൃതിയായി പൊടി പൊടിക്കുന്ന മുപ്പത് ദിനങ്ങള്‍. റമളാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ നഗര ചന്തകള്‍ പുതിയ ഫാഷനുകളാലും നിറങ്ങളാലും മോഡലുകളാലും വിപണി കീഴടക്കാന്‍ തുടങ്ങും. നഗരം പെരുന്നാള്‍ വ്യാപാരത്താല്‍ വീര്‍പ്പ് മുട്ടാന്‍ തുടങ്ങും. വസ്ത്രക്കട, ചെരുപ്പ് കട, ടൈലര്‍ കടകള്‍ തുടങ്ങി എല്ലായിടത്തും വന്‍തിരക്കായി മാറും. മൈലാഞ്ചി വില്‍പ്പന കടകളിലും തിരക്കു കാണാറുണ്ട്.
പണ്ട് കാലങ്ങളില്‍ ചെറിയ പെരുന്നാളിന് കഷ്ടിച്ച് ഒരു ജോഡി വസ്ത്രം വാങ്ങിയാല്‍ അത് ആ ദിവസം ധരിച്ച് പിന്നീട് ഊരി അലക്കി വലിയ പെരുന്നാളിനായി മാറ്റി വെക്കുമായിരുന്നു. ഇന്ന് ഒരാള്‍ക്കു ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിലും മൂന്നോ നാലോ ജോഡി വസ്ത്രങ്ങളില്ലാതെ ആഘോഷമില്ല. അത് കഴിഞ്ഞാല്‍ ആ വസ്ത്രങ്ങളെല്ലാം വീട്ടിലെ അലമാരക്കുള്ളില്‍ ഒതുക്കി വെക്കും. അത് കാലം കഴിയുന്തോറും പഴക്കം ചെന്ന് ആര്‍ക്കും വേണ്ടാത്ത വിധമായി മാറും. ഇന്നത്തെ കാലത്ത് ധൂര്‍ത്തിനും ആര്‍ഭാഡത്തിനും ഒരു കുറവുമില്ല. ന്യൂജെനറേഷന്‍ പള്ളിക്ക് പോകുമ്പോള്‍ ഒരു ജോഡി, വീട്ടില്‍ വന്നാല്‍ മറ്റൊന്ന്, കുടുംബ വീട്ടില്‍ പോകുമ്പോള്‍ വേറൊന്ന്, കൂട്ടുകാരോടൊപ്പം കൂടുമ്പോള്‍ മുന്തിയ മോഡലുമായി പെരുന്നാള്‍ ആഘോഷിക്കുന്നു.
ഒരു ഷര്‍ട്ടോ, മുണ്ടോ, പാവടയോ, കുപ്പായമോ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാതെ വിഷമിച്ചിരിക്കുന്ന എത്രയോ പാവപ്പെട്ടവര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് കണ്ണോടിച്ചാല്‍ കാണാന്‍ പറ്റും. ഒരു നേരം പോലും അടുപ്പ് പുകയാതെ മനസ്സ് വേദനയോടെ ജീവിക്കുന്നവരുമുണ്ട് നമ്മുടെ അയല്‍പക്കത്ത്. നമ്മള്‍ പെരുന്നാള്‍ ആര്‍ഭാഡമായി ആഘോഷിക്കുമ്പോള്‍ അവരെക്കുറിച്ചൊന്നോര്‍ക്കുകയാണെങ്കില്‍ അവര്‍ക്കൊരു കൈത്താങ്ങായാല്‍ അതിലും വലിയ ആഘോഷവും സന്തോഷവും വേറെ എന്താണുള്ളത്?
മുപ്പതു നാളില്‍ പട്ടിണി കിടന്ന് വ്രതമനുഷ്ഠിച്ച് കരസ്ഥമാക്കിയ പുണ്യങ്ങളെ പെരുന്നാളിന്റെ ദിവസം ശൂന്യമാക്കി എല്ലാം പാഴ്‌സ്വപ്നങ്ങളാക്കി മാറ്റി മറിക്കരുത്. തനതായ സല്‍കര്‍മ്മങ്ങളിലൂടെ നമുക്ക് ഓരോരുത്തര്‍ക്കും പൊലിവും, പെരുമയും നിറയുന്ന ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാം.
– മുഹമ്മദലി നെല്ലിക്കുന്ന്

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page