കണ്ണൂർ: കേളകം അടക്കാത്തോട് നിന്ന് പിടികൂടിയ കടുവയും ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ കടുവ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചപ്പോഴേ അവശനായിരുന്നു. മുഖത്തും നെഞ്ചിലും മുറിവുകൾ ഉണ്ടായിരുന്നു. പഴുപ്പോടുകൂടിയ വ്രണങ്ങളായിരുന്നു കടുവയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കടുവയ്ക്ക് അനീമിയ ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അവശനായ കടുവയെ തുടർ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. അതിനിടയിലാണ് കടുവ ചത്തത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തും.
വനംവകുപ്പിന്റെ തിരച്ചിലിനിടെ വ്യാഴാഴ്ച ഉച്ചയോടെ ചിറക്കുഴി ബാബുവിന്റെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. ഇതോടെ പ്രദേശത്തിന്റെ നിയന്ത്രണം വനംവകുപ്പ് ഏറ്റെടുത്ത് മയക്കുവെടി വെയ്ക്കാൻ ശ്രമമാരംഭിച്ചു. ഇതിനിടെ കടുവ വനപാലകർക്കുനേരേ തിരിഞ്ഞു. പടക്കംപൊട്ടിച്ചതോടെ കടുവ ഓടി. വനപാലകരും മയക്കുവെടി വെയ്ക്കാനെത്തിയ ഡോ. ആർ.രാജ്, ഡോ. അരുൺ സത്യൻ എന്നിവരും പിന്നാലെ ഓടി. കടുവയുെട വേഗം കുറഞ്ഞതോടെ ഡോ. രാജ് മയക്കുവെടിവെച്ചു. 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്ക് കടുവ ചാലിൽ വീഴുകയായിരുന്നു. പിന്നീട് വനപാലകർ കടുവയെ കൂട്ടിലാക്കി കണ്ണവം വനം ഓഫീസിലെത്തിച്ചു. അതിനിടെയാണ് കടുവ ചത്തത്. ഏറെ നാളുകളായി ജനവാസ മേഖലയിൽ തന്നെ തുടരുകയായിരുന്നു കടുവ. വീടുകളിലെ വളർത്തുനായ്ക്കളെ കടുവ പിടികൂടുന്നത് സ്ഥിരം സംഭവമായിരുന്നു. പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട അവസ്ഥവരെ ഉണ്ടായിരുന്നു.