![](https://malayalam.karavaldaily.com/wp-content/uploads/2024/03/image-41.png)
കുമ്പള: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സ്ഥാനാര്‍ത്ഥികള്‍ സജീവമായതിന് പിന്നാലെ കുമ്പള ഭാസ്കരനഗറില്‍ കൗതുകമുയര്‍ത്തുന്ന ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ബോര്‍ഡില്‍ എഴുതിവെച്ചിട്ടുള്ള കാര്യങ്ങളോട് കൂടുതല്‍ പേര് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ വോട്ടു ചോദിക്കാന്‍ എങ്ങനെ പോകുമെന്ന ആശങ്കയിലാണ് സ്ഥലത്തെ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍.
ആവശ്യമില്ലാത്ത പലയിടത്തും വെയ്റ്റിംഗ് ഷെഡ് പണിതു കൊടുത്തിട്ടുണ്ട്. നമ്മുടെ നാട്ടില്‍ മാത്രം വെയ്റ്റിംഗ് ഷെഡ് ഇതേവരെ അനുവദിച്ചിട്ടില്ല. ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വയോജനങ്ങളും മഴയും വെയിലും വക വെക്കാതെ ദുരിത പൂര്‍ണ്ണമായി ബസ് കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. ഇലക്ഷന് വോട്ടു ചോദിക്കാന്‍ വരുന്നത് ഇതിന് ശാശ്വത പരിഹാരം കണ്ടിട്ട് മതിയെന്ന് ചിത്രം സഹിതമുള്ള ബോര്‍ഡില്‍ പറയുന്നു. കുമ്പള-മുള്ളേരിയ റോഡ് അടുത്തിടെ നാലുവരിയായി വികസിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുമ്പള മുതല്‍ മുള്ളേരിയ വരെ റോഡരികില്‍ 65 ബസ് ഷെല്‍ട്ടറുകളാണ് കെ.എസ്.ടി.പി സ്ഥാപിച്ചിട്ടുള്ളത്. ദിവസവും നൂറു കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഭാസ്കരനഗറില്‍ ഷെഡ് നിര്മ്മിക്കാത്തതിലുള്ള പ്രതിഷേധമാണ് നാട്ടുകാര്‍ ബോര്‍ഡിലൂടെ അധികൃതരെ അറിയിക്കുന്നത്.