മഞ്ചേശ്വരത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നു വിട്ടയച്ച യുവാവ് മരിച്ചു; പൊലീസ് മർദ്ദനമാണു കാരണമെന്ന് വീട്ടുകാരും നാട്ടുകാരും; സ്റ്റേഷനിൽ നിന്നു കൂട്ടിക്കൊണ്ടുപോയവരാണു മർദ്ദിച്ചതെന്നു പൊലീസ്; പോസ്റ്റ് മോർട്ടം ബുധനാഴ്ച പരിയാരത്ത്

കാസര്‍കോട്: കസ്റ്റഡിയില്‍ നിന്നു ബന്ധുക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ച യുവാവ് മരിച്ചു. മിയാപദവ് മദള സ്വദേശി മൊയ്തീന്‍ ആരിഫാ(22)ണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ മംഗളുരു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് മരണം.
ഞായറാഴ്ച രാത്രി യുവാക്കള്‍ കഞ്ചാവ് വലിച്ച് പൊതു സ്ഥലത്ത് ബഹളം വയ്ക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയത്. ബഹളം വച്ച ആരിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ക്കൊപ്പം പൊലീസ് ആരിഫിനെ വിട്ടയക്കുകയും ചെയ്തു. വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറിയ ആരിഫ് കാറില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. രാവിലെ ഉണര്‍ന്നെണീറ്റ ആരിഫ് ഛര്‍ദ്ദിക്കുകയും എഴുന്നേറ്റ് നില്‍ക്കാനാവുന്നില്ലെന്നു വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ബന്ധുക്കള്‍ ഉടന്‍തന്നെ ആംബുലന്‍സില്‍
മംഗളുരു ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരിച്ചു. വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നാട്ടുകാര്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയതോടെ വിവരം പൊലീസിനെ അറിയിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ആവശ്യപ്പെട്ടു. തുടര്‍ന്നു മൃതദേഹം മംഗല്‍പ്പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ബന്ധുകളുടെ മൊഴിയെടുത്തു. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ആരിഫിന്റെ മൃതദേഹത്തില്‍ കാണുന്ന പാടുകള്‍ പൊലീസ് മര്‍ദ്ദിച്ചതിന്റെ അടയാളമാണെന്നാണ് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നത്. എന്നാല്‍ ആരിഫിനെ സ്റ്റേഷനില്‍ നിന്നു കൂട്ടിക്കൊണ്ടുപോയവരായിരിക്കും മര്‍ദ്ദിച്ചത് എന്നാണ് പൊലിസും ആരോപിക്കുന്നത്.
മദളയിലെ പരേതനായ അബ്ദുളളയാണ് പിതാവ് . മാതാവ്: ആമിന. സഹോദരങ്ങള്‍: ഹാജിറ, മിസ്രിയ, റാഫിയ സാക്കിറ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page