പൂക്കോട് വെറ്റനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവം;ആറ് പ്രതികൾ അറസ്റ്റിൽ; 12 പേർ ഒളിവിൽ


കല്പറ്റ: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ ആത്മഹത്യയിൽ ആറു പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.റാഗിംഗ് സ്ഥിരീകരിച്ചതോടെ ആത്മഹത്യാ പ്രേരണയും ഗൂഢാലോചന കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സിദ്ധാർത്ഥിനെ മർദ്ദിച്ച തിരുവനന്തപുരം സ്വദേശികളായ ശ്രീഹരി ആർ ഡി , രഹൻ ബിനോയ്‌, ആകാശ് എസ് ഡി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ്, ഇടുക്കി സ്വദേശി അഭിഷേക് എസ്, വയനാട് സുൽത്താൻബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.
അന്യായമായി തടഞ്ഞു വയ്ക്കൽ, സംഘം ചേർന്ന് മർദിക്കൽ,ആത്മഹത്യ പ്രേരണാ കുറ്റം തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികൾ സിദ്ധാർത്ഥിനെ തുടർച്ചയായി മൂന്ന് മണിക്കൂറിലേറെ മർദിച്ചു. നാലാം വർഷ വിദ്യാർത്ഥി സിഞ്ചോ ജോൺസന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. നേരത്തെ പോലീസിന്റെ പ്രതിപട്ടികയിൽ ഉണ്ടായിരുന്ന കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള 12 പ്രതികൾക്ക് പുറമെയാണ് ആറു പേരെക്കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. കല്പറ്റ ഡി വൈ എസ് പി ടി എൻ സജീവന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ആറു പേരും കുറ്റം സമ്മതിച്ച.സർവകലാശാല ഹോസ്റ്റൽ എസ് എഫ് ഐ യുടെ വിചാരണ കോടതി ആണെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. പരാതികൾ അവിടെ വച്ച് തന്നെ തീർപ്പാക്കി ശിക്ഷ വിധിക്കുന്നതാണ് രീതി. കോളേജിൽ ഉണ്ടാകുന്ന വിഷയങ്ങൾ അധികൃതരിലേക്ക് എത്താൻ അനുവദിക്കില്ലെന്നും, പോലീസിന് മുന്നിൽ പരാതി എത്താൻ സീനിയർ വിദ്യാർത്ഥികൾ സമ്മതിക്കില്ലെന്നും അന്വേഷണ സംഘത്തിന് ലഭിച്ച മൊഴിയിലുണ്ട്.
കല്പറ്റ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടെ പന്ത്രണ്ട് പ്രതികൾ ഒളിവിലാണ്. ഇവരുടെ വീടുകളിലും, പ്രതികൾ പോകാൻ ഇടയുള്ള സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും പന്ത്രണ്ട് പേരെയും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതികളിൽ ഒരാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലവിൽ 18 പ്രതികളുള്ള കേസിൽ പ്രതിപട്ടിക ഇനിയും നീളാനാണ് സാധ്യത. കല്പറ്റ ഡി വൈ എസ് പി ടി എൻ സജീവന്റെ നേതൃത്വത്തിൽ ഇരുപത് പേരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page