താൻ വിവാഹിതയായെന്ന് നടി ലെന; വരൻ ഇദ്ദേഹമാണ്; പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കാൻ കാത്തുനിൽക്കുകയായിരുന്നുവെന്ന് നടി

താന്‍ വിവാഹിതയായെന്ന് വെളിപ്പെടുത്തി മലയാള നടി ലെന. ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ ആണ് വരന്‍. പ്രശാന്ത് ബാലകൃഷ്ണനുമായി വിവാഹിതയായി എന്ന കാര്യമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. 2024 ജനുവരി 27 നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലെനയുടെ ഈ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ ഒദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും ലെന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്ന് പ്രധാനമന്ത്രി ബഹിരാകാശ യാത്രികരുടെ പേരുകള്‍ പുറത്തുവിട്ടപ്പോള്‍ തനിക്കും അത് അഭിമാനനിമിഷമായിരുന്നുവെന്ന് ലെന കുറിച്ചു. ”ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.” ലെന കുറിച്ചു.
ബഹിരാകാശത്തേക്കു പോകുന്ന നാല് പേരില്‍ ഒരാളാണ് പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് സുഖോയ് വിമാന പൈലറ്റാണ്. വിളമ്പില്‍ ബാലകൃഷ്ണന്‍, കൂളങ്ങാട് പ്രമീള ദമ്പതികളുടെ മകനാണ്. 1999 ലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്നത്. പാലക്കാട് അകത്തേത്തറ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരിക്കേ ദേശീയ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. പിന്നീട് യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, വിംഗ് കമാന്‍ഡര്‍ ശുഭാംശു ശുക്ല എന്നിവരാണ് പ്രശാന്തിനൊപ്പം ഗഗന്‍യാത്ര ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകള്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തി(വി.എസ്.എസ്.സി)ല്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page