ലോക്‌സഭാ തെരഞ്ഞെടുപ്പ്; അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് -ആം ആദ്മി സംഖ്യം; പഞ്ചാബില്‍ സഖ്യമില്ല

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും എഎപിയും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലായി. ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ചാണ്ഡിഗഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് സീറ്റ് വിഭജന സഖ്യമുണ്ടാക്കിയത്. അതേസമയം എഎപി ഭരണത്തിലുള്ള പഞ്ചാബില്‍ ഇരുപാര്‍ടികളും പരസ്പരം മല്‍സരിക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍വാസനിക്ക് എംപിയാണ് ഇക്കാര്യം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഡല്‍ഹിയിലെ ഏഴു ലോക്‌സഭാ മണ്ഡലങ്ങളില്‍ എഎപി നാലിടത്തും, കോണ്‍ഗ്രസ് മൂന്നിടത്തും ധാരണയനുസരിച്ച് മല്‍സരിക്കും. ഗോവയില്‍ ആകെയുള്ള രണ്ട് മണ്ഡലങ്ങളില്‍ എഎപിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് മല്‍സരിക്കും. ഗുജറാത്തില്‍ 24 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും എഎപി രണ്ട് മണ്ഡലങ്ങളിലും(ബറൂച്ച്, ഭാവ്‌നഗര്‍) മല്‍സരിക്കും. ബി.ജെപിയാണ് ഗുജറാത്ത് ഭരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് എംപി അഹമ്മദ് പട്ടേലിന്റെ കുടുംബം ബെറൂച്ച് സീറ്റിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അഹമ്മദ് പട്ടേലിന്റെ മകള്‍ മുംദാസ് പട്ടേലാണ് ഈ സീറ്റിന് വേണ്ടി അവകാശവാദമുന്നയിച്ചിരിക്കുന്നത്. ഹരിയാനയില്‍ എഎപി കുരുക്ഷേത്ര മണ്ഡലത്തില്‍ മല്‍സരിക്കും. ഇവിടെയുള്ള മറ്റ് 9 മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനാണ്. ചാണ്ഡീഗഡിലെ ഏക സീറ്റിലും കോണ്‍ഗ്രസ് മല്‍സരിക്കും. ചാണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് സുപ്രീംകോടതി അടുത്തിടെ റദ്ദാക്കിയതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എഎപി സഖ്യ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. എഎപിയിലെ കുല്‍ദീപ് കുമാര്‍ ആയിരുന്നു സ്ഥാനാര്‍ഥി. ആസാമിലെ സീറ്റ് വിഭജനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് പാര്‍ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. യുപിയില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ടിയും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി. ആകെയുള്ള 80 സീറ്റില്‍ 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മല്‍സരിക്കും. 61 സീറ്റില്‍ സമാജ് വാദി പാര്‍ടിയും ഇന്ത്യ സഖ്യ കക്ഷികളും മല്‍സരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page