യുഎസില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണം; മൃതദേഹം നാട്ടിലേക്കെത്തിക്കില്ല; സംസ്‌കാരം വ്യാഴാഴ്ച

കൊല്ലം: അമേരിക്കയിലെ കലിഫോര്‍ണിയ സാന്‍മറ്റെയോയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. വ്യാഴാഴ്ച സാന്‍മറ്റെയോയില്‍ തന്നെയായിരിക്കും സംസ്‌കാരം നടത്തുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ അധികൃതര്‍ കെയര്‍ടേക്കര്‍ക്കു കൈമാറി.
കൊല്ലം ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ് നഗര്‍ 57 ല്‍ ജി ഹെന്റിയുടെയും റിട്ട. അധ്യാപിക ശാന്തമ്മയുടെയും മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥന്‍ (4) എന്നിവരെയാണ് ഈ മാസം 12 നു കാലിഫോര്‍ണിയയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയശേഷം ആനന്ദ് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിഷാംശം ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മരണകാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. എന്നാല്‍, റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആനന്ദിനും കുടുംബത്തിനും സാമ്പത്തിക പ്രതിസന്ധിയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പുറത്തുനിന്നാരെങ്കിലും ഇതിനു പിന്നിലുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം വേണമെന്നും നിയമനടപടികളിലേക്ക് കടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ആനന്ദിന്റെ ദുബായിലുള്ള സഹോദരന്‍ അജിത് ഹെന്റിയും സിംഗപ്പൂരിലുള്ള സഹോദരന്‍ അജീഷ് ഹെന്റിയും സാന്‍മറ്റെയോ കൗണ്ടിയില്‍ എത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page