ജനങ്ങൾ കൂടുതൽ ദുരിതത്തിലേക്ക്; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നു; 55 ശതമാനം സബ്സിഡി ഇനിയുണ്ടാവില്ല

തിരുവനന്തപുരം:ജനജീവിതം കൂടുതൽ ദു:സ്സഹമാക്കി സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നു. സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.13 ഇനം സാധനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന 55 ശതമാനം സബ്‌സിഡിയിൽ  20 ശതമാനമാണ് കുറവ് വരുത്തിയിരിക്കുന്നത്.

നിലവില്‍ സര്‍ക്കാരും സപ്ലൈകോയും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് വില വർധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്ക് വില കൂടും.

വൻപയറിന് ഏഴ് രൂപ കൂടും. ചെറുപയറിന് പത്ത് രൂപയും ഉഴുന്നിന് 26 രൂപയും കറുത്ത കടലയ്‌ക്ക് അഞ്ച് രൂപയും തുവരപ്പരിപ്പിന് 47 രൂപയും കൂടും. 65 രൂപയാണ് നിലവില്‍ തുവരപ്പരിപ്പിന് വില. ഇതോടെ സപ്ലൈകോയില്‍ തുവരപ്പരിപ്പിന്റെ വില ഏകദേശം 112 രൂപയാകും.

സബ്സിഡി നിരക്കില്‍ 13 സാധനങ്ങള്‍ നല്‍കുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. നിലവില്‍ 1000 കോടി രൂപയിലേറെ വിതരണക്കാർക്കു കുടിശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ 6 മാസത്തിലേറെയായി പല സാധനങ്ങളും വില്‍പനശാലകളില്‍ ഇല്ല.
     5 വർഷത്തേക്കത് വിലകയറ്റം ഉണ്ടാവില്ലെന്നതായിരുന്നു ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page