കാസര്‍കോട്: പെര്‍ള ടൗണിലെ വ്യാപാര കെട്ടിടങ്ങളിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുകോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികള്‍. തീപിടിച്ച 9 കടകളില്‍ ഏകദേശം 1,85,30,000 രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രി പെര്‍ള ടൗണിലെ ബി ഗോപിനാഥ പൈയുടെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് പ്രവീണ്‍ ഓട്ടോമൊബൈല്‍ ഷോപ്പുടമയ്ക്കാണ്. 85 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും ഫര്‍ണിച്ചറുകളും ഉപകരണങ്ങളും അഗ്നിക്കിരയായി. കെട്ടിട ഉടമയ്ക്ക് 21 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. സാദത്ത് സ്റ്റോഴ്‌സ് കടയില്‍ 45 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി പറയുന്നു. തീപിടിച്ച വിവരത്തെ തുടര്‍ന്ന് കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നും 6 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതായി പറയുന്നു.
