പി എസ് സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പിടിക്കപ്പെടുമെന്നു ഉറപ്പായതോടെ ഉദ്യോഗാര്‍ഥി മതില്‍ ചാടി ഓടി

തിരുവനന്തപുരം: പിഎസ്‌സി നടത്തിയ കേരള സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം. പരീക്ഷ ഹാളിനുള്ളില്‍ ബയോമെട്രിക് പരിശോധന തുടങ്ങിയതോടെ വേഷം മാറി എത്തിയ യുവാവ് ഇറങ്ങി ഓടി. മതില്‍ ചാടി ബൈക്കില്‍ രക്ഷപെട്ടു. തിരുവനന്തപുരം പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലെ പരീക്ഷാഹാളിലാണ് തട്ടിപ്പ് ശ്രമം നടന്നത്. നേമം സ്വദേശിയാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. അമല്‍ജിത്ത് എന്നയാളാണ് ഇതു പ്രകാരം റജിസ്റ്റര്‍ നമ്പറില്‍ എത്തേണ്ടിയിരുന്നത്. പകരം എത്തിയയാള്‍ സംശയം ഉയര്‍ന്നതോടെ ഓടി രക്ഷപെടുകയായിരുന്നുവെന്ന് പിഎസ്‌സി അധികൃതര്‍ വ്യക്തമാക്കി. തൊട്ടടുത്ത ആളുടെ വിരലടയാള പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ ഇറങ്ങിയോടിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഇറങ്ങിയോടിയതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. അമല്‍ജിത്തിന്റെ ഹാള്‍ടിക്കറ്റും ഐഡിയുമാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നതെന്ന് പരിശോധന നടത്തിയ അധ്യാപിക വ്യക്തമാക്കി. പൊലീസ് ഇരുവരെയും തിരയുകയാണ്. ആദ്യമായാണ് കേരള പിഎസ്‌സി ബയോമെട്രിക് പരിശോധന ഏര്‍പ്പെടുത്തി ഉദ്യോഗാര്‍ഥിയെ തിരിച്ചറിയുന്ന സംവിധാനം ഏര്‍പ്പെടുത്തിയത്. പിഎസ്‌സിയുടെ വിജിലന്‍സ് വിഭാഗവും സ്ഥലത്തുണ്ടായിരുന്നു. ആള്‍മാറാട്ടം തടയുന്നതിനായി ബയോമെട്രിക് സംവിധാനവും പരീക്ഷ ഹാളില്‍ ഒരുക്കിയിരുന്നു. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരശേഖരണം നടത്തിയിരിക്കുന്നത്. പിഎസ്‌സിയുടെ രേഖാമൂലമുള്ള പരാതി ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂ. ഹാള്‍ടിക്കറ്റിലെ ആളുടെ വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നത്. ആള്‍മാറാട്ടത്തിനുള്ള ശ്രമം നടന്നു എന്ന കാര്യം അധികൃതര്‍ സ്ഥിരീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page