4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു; ഒരു കോടിയുടെ വീതം ഭരണാനുമതി

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നത്. നവീകരണത്തിനായി ഒരു കോടി രൂപയുടെ വീതം ഭരണാനുമതി നല്‍കി. കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെയാണ് ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫുഡ് സ്ട്രീറ്റുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് സ്ട്രീറ്റുകള്‍ പദ്ധതിയിലൂടെ കൂടുതല്‍ മികവുറ്റതാക്കും. ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ കുറച്ച് പൊതുജനാരോഗ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങള്‍ ലഭ്യമാക്കുക വഴി ഫുഡ് ടൂറിസം മേഖലയില്‍ക്കൂടി പദ്ധതി മുതല്‍ക്കൂട്ടാകും. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ശംഖുമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണച്ചുമതല. എറണാകുളത്ത് കസ്തൂര്‍ബ നഗറില്‍ ജി.സി.ഡി.എ. സഹകരണത്തോടെയും ഇടുക്കിയിലെ മൂന്നാറില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയുമാണ് നവീകരണം പൂര്‍ത്തിയാക്കുന്നത്.
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കും. കൃത്യതയോടെയുള്ള മാലിന്യ സംസ്‌കരണ സംവിധാനവും കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് മാസത്തിനുള്ളില്‍ തന്നെ നവീകരണം പൂര്‍ത്തിയാക്കി ഫുഡ് സ്ട്രീറ്റുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page