കാസര്‍കോട്: സിറ്റൗട്ടില്‍ ഉറങ്ങി കിടന്നയാളുടെ തലയിണക്കടുത്ത് വെച്ച മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് സിംകാര്‍ഡുകള്‍ ഊരിവച്ചു. ശേഷം ഷഡില്‍ സൂക്ഷിച്ചിരുന്ന 50 തേങ്ങയും കാടുവെട്ടുന്ന മെഷീനും സൈക്കിളുമായി സ്ഥലം വിട്ടു. വിചിത്രനായ മോഷ്ടാവ് ആരാണെന്നു കണ്ടെത്തുന്നതിനു പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടിയമ്മ പൂക്കട്ടയിലെ അബ്ദുല്‍ റഹ്മാന് എന്ന അന്തയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. രാത്രി 10.30 മണിയോടെ അബ്ദുല്‍ റഹ്മാന് പതിവുപോലെ ഉറങ്ങാന്‍ കിടന്നിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഫോണിന്റെ സിം കാര്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഫോണ്‍ മോഷണം പോയതായി ബോധ്യമായതോടെ നോക്കിയപ്പോഴാണ് മുറ്റത്തു വച്ചിരുന്ന മകന്റെ സൈക്കിളും ഷെഡില്‍ സൂക്ഷിച്ചിരുന്ന കാടുവെട്ടുയന്ത്രവും തേങ്ങയും മോഷണം പോയ കാര്യം അറിഞ്ഞതെന്നു അബ്ദുല്‍ റഹ്മാന് കുമ്പള പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.