പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കാസർകോട്ടെ സത്യനാരായണ ബളേരിക്ക് പത്മശ്രീ

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ.പി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകന്‍ സത്യനാരായണ ബളേരി എന്നിവരാണ് കേരളത്തില്‍നിന്നും ഇത്തവണ പത്മശ്രീ പുരസ്‌കാരം നേടിയത്. 34 പേര്‍ക്കാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.
മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നര്‍ത്തകി പത്മ സുബ്രഹ്‌മണ്യം, തെലുങ്ക് നടന്‍ ചിരഞ്ജീവി, സാമൂഹിക പ്രവര്‍ത്തകന്‍ അന്തരിച്ച ബിന്ദേശ്വര്‍ പാഠക് എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍ ബഹുമതി നേടിയത്. മലയാളികളായ സുപ്രീം കോടതി മുന്‍ ജഡ്ജി എം.ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ.രാജഗോപാല്‍, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.
കുട്ടിക്കാലം മുതല്‍ നെല്‍മണിയെ സ്‌നേഹിച്ച സത്യനാരായണ ബളേരിക്കാണ് പത്മശ്രീ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. ഇതിനകം തന്നെ സത്യനാരായണ സ്വന്തമാക്കിയത് 650 അപൂര്‍വ നെല്‍വിത്തുകള്‍. സ്വന്തമായി പാടമൊരുക്കിയും ഗ്രോബാഗുകളില്‍ വളര്‍ത്തിയുമാണ് കാസര്‍കോട് ബെളളൂര്‍ നെട്ടണിഗെ കിന്നിംഗാറിലെ സത്യനാരായണ ബളേരി (48) വരുംതലമുറകള്‍ക്കായി അപൂര്‍വ നെല്‍വിത്തുകള്‍ സ്വരുക്കൂട്ടി വച്ചത്. 12 വര്‍ഷം മുമ്പ് രണ്ടിനം വിത്തുമായാണ് തുടക്കം. പിന്നാലെ വിത്തുകള്‍ തേടി സംസ്ഥാനങ്ങള്‍ തോറും അലഞ്ഞു. പത്താം ക്ലാസ് പഠനം കഴിഞ്ഞ് കൃഷിയിലേക്ക് തിരിഞ്ഞ സത്യനാരായണ, 10,000 വിത്തിനങ്ങള്‍ ശേഖരിച്ച് സ്വന്തമായി വിളയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു. ബളേരിയിലെ പരേതനായ കുഞ്ഞിരാമ മണിയാണി- ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ ജയശ്രീയും മക്കളായ നവ്യശ്രീ, ഗ്രീഷ്മ, അഭിനവ എന്നിവരും സഹോദരങ്ങളും കൃഷിയില്‍ സഹായികളായുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page