കാസര്‍കോട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാലില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന കളിയാട്ട മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷ്യ വിഷബാധ. കുട്ടികള്‍ ഉള്‍പ്പെടെ 100 ഓളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സതേടി. ആരുടെയും നില ഗുരുതരമല്ല. ചര്‍ദി, വയറു വേദന എന്നിവയാണ് ആളുകള്‍ക്ക് അനുഭവപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ നിന്നാണ് ഭക്ഷ്യബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. ഐസ്‌ക്രീം കഴിച്ച കുട്ടികളിലും ഭക്ഷ്യ വിഷബാധയുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കൂടുതല്‍പേര്‍ ചികില്‍സ തേടി നീലേശ്വരം, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ആശുപത്രികളില്‍ എത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സദ്യയ്ക്ക് ഉപയോഗിച്ച തൈരില്‍ നിന്നോ, കുടിക്കാനുപയോഗിച്ച വെള്ളത്തില്‍ നിന്നോ ആയിരിക്കാം വിഷബാധയുണ്ടായതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ സംശയിക്കുന്നത്. ജില്ലാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്മാര്‍ വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിക്കും. വിവരം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. അവര്‍ എത്തി ഭക്ഷ്യവസ്തുക്കളുടെ സാംപിള്‍ ശേഖരിക്കും. വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അടിയന്തിര ആശുപത്രിസേവനം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 11 മണി മുതല്‍ പ്രത്യേക ഒ.പി. യും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് രാത്രിമുഴുവന്‍ ആശുപത്രിയിലുണ്ടായിരുന്നു.