കോഴിക്കോട്: താമരശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരണത്തിനു കീഴടങ്ങി.താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിൻ്റെ മകള്‍ ഫാത്തിമ മിൻസിയ ( 20)യാണ് മരിച്ചത്. കെ.എം.സി.ടി. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികളായ ഫാത്തിമ മിന്‍സിയയും പൂനൂര്‍ സ്വദേശിനി ഫിദ ഫര്‍സാനയും (20) സഞ്ചരിച്ച സ്‌കൂട്ടറില്‍ പിക് അപ് ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്കാണ് സ്‌കൂട്ടര്‍ വീണത്. അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോയിയിരുന്നു. രണ്ട് വിദ്യാര്‍ഥിനികളേയും ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ചതില്‍ നിന്ന് പിക്കപ്പിന്‍റെ മുൻവശം തട്ടിയാണ് സ്കൂട്ടര്‍ ബസിന് മുന്നിലേക്ക് വീണതെന്ന് വ്യക്തമാവുകയായിരുന്നു.
കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അഡ്മാസ് എന്ന് പേരെഴുതിയ ഏയ്സ് പിക്കപ്പ് വാനാണ് സ്കൂട്ടറിനെ ഇടിച്ചത്.അപകട ശേഷം നിര്‍ത്താതെ പോയ വാഹനം ഉടൻ കസ്റ്റഡിയില്‍ എടുക്കും .പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ 304 എ വകുപ്പ് പ്രകാരമാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. നേരത്തെ എതിര്‍ദിശയിലെത്തിയ കാറില്‍ തട്ടിയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ സ്വകാര്യ ബസിന് മുന്നിലേക്ക് വീണതെന്നായിരുന്നു വിവരം. എന്നാല്‍, കൂടുതല്‍ പരിശോധനയില്‍ അപകടത്തിന്‍റെ കാരണം പിക്കപ്പ് വാനാണെന്ന് വ്യക്തമാവുകയായിരുന്നു. ഫാത്തിമ മിന്‍സിയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
