കാസര്‍കോട്: ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്തിനകത്ത് ഏറെ ചര്‍ച്ചയ്ക്കിടയാക്കിയ പൈവളിഗെയിലെ 15കാരിയുടെയും നാട്ടുകാരനായ ഓട്ടോ ഡ്രൈവറുടെയും മരണത്തിന്റെ ചുരുളഴിക്കുന്നതിനു പൊലീസ് കൊണ്ടു പിടിച്ച ശ്രമം തുടങ്ങി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ഇരുവരുടെയും മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ് സംഘം.
പെണ്‍കുട്ടിയെ കാണാതായ ഫെബ്രുവരി 11ന് രാത്രി 1.45 മണിയോടെ പെണ്‍കുട്ടിയുടെ വീടിനു സമീപത്തുള്ള റോഡിലൂടെ ഒരു ബൈക്ക് നിരവധി തവണ കടന്നു പോയതായി സൂചനയുണ്ട്. ഈ ബൈക്ക് ആരുടേതാണെന്നും ആരാണ് ബൈക്കില്‍ ഉണ്ടായിരുന്നതെന്നും പൊലീസിനു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും അവസാനം രാത്രി 1.45ന് ബൈക്ക് പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ റോഡില്‍ എത്തിയപ്പോള്‍ രണ്ടു പേരില്‍ ഒരാള്‍ മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ പ്രദീപ് ആണെന്നു ഉറപ്പായിട്ടുണ്ട്. രണ്ടാമന്‍ പ്രദീപിന്റെ സുഹൃത്താണെന്നു സംശയമുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേ കുറിച്ച് വിശദമായ അന്വേഷണം തുടരുന്നുണ്ടെന്നാണ് സൂചന.
അതേ സമയം പെണ്‍കുട്ടിയെ കാണാതായ ദിവസം വാട്‌സ്ആപ്പില്‍ ലഭിക്കുകയും അയക്കുകയും ചെയ്ത സന്ദേശങ്ങള്‍ നിര്‍ണ്ണായകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
എന്നാല്‍ ചില്ല് കുത്തിപ്പൊട്ടിച്ചതിനാല്‍ ഫോണ്‍ തുറന്നു നോക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെയും പ്രദീപിന്റെയും ഫോണുകള്‍ ബുധനാഴ്ച സൈബര്‍ സെല്ലിനു കൈമാറും. സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. അതേ സമയം പെണ്‍കുട്ടിയുടെയും യുവാവിന്റെയും തിരോധാനം സംബന്ധിച്ച് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നു ഹൈക്കോടതി വിലയിരുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവേ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
