കെ റെയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ അനധികൃതമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി:  കെ റെയിൽ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ നടത്താൻ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് ഒരിക്കലും റെയിൽവേ മന്ത്രാലയം ഉപദേശമോ നിർദേശമോ നല്കിയിട്ടില്ലെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക് സഭയിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനായി കേരളാ സർക്കാർ നേരത്തെ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ ഇപ്പോൾ മറ്റിടങ്ങളിലേക്ക് മാറ്റി നിയമിച്ചിട്ടുള്ളതായി മനസിലായിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.ഹൈബി ഈഡൻ എം പി യുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി. കേന്ദ്ര റെയിൽവേ ബോർഡ് കെ റെയിൽ സംബന്ധിച്ച് വ്യക്തതയില്ലാത്ത കാര്യങ്ങൾ വിശദീകരിക്കണമെന്ന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്മേലുള്ള വിശദീകരണം കെആർഡിസിഎൽ  ദക്ഷിണ റെയിൽവേയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ റെയിൽവേ  മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുള്ള പദ്ധതിയെന്ന നിലയിൽ ആദ്യം അനുമതി, പിന്നീട് പദ്ധതി നിർവ്വഹണം എന്ന രീതിയ്ക്ക് പകരം ആദ്യം തന്നെ അനുമതിയില്ലാതെ പദ്ധതി നിർവ്വഹണം തുടങ്ങുക എന്ന രീതിയാണ് കേരള സർക്കാർ പിന്തുടർന്നതെന്ന് ഉത്തരങ്ങളിൽ നിന്ന് വ്യക്തമാകുന്നതായി ഹൈബി ഈഡൻ പറഞ്ഞു.സാധാരണയായി  പദ്ധതിയുടെ നിർവ്വഹണത്തിൽ പിന്തുടരുന്ന രീതികൾക്ക് വിരുദ്ധമായാണ് കേരള സർക്കാർ കെ റെയിലിൽ  നടപടികൾ സ്വീകരിച്ചു വന്നതെന്നും എം.പി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page