കൂടുതൽ തീപിടുത്തം ഉണ്ടായ ഇലക്ട്രിക് വാഹനങ്ങൾ ഈ 5 കമ്പനികളുടേത്; പാർലമെൻ്റിൽ മറുപടി നൽകി മന്ത്രി; പട്ടികയിൽ ഒലയും

ന്യൂഡൽഹി:ഒകിനാവ ഓട്ടോടെക്, പ്യുവർ ഇവി, ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിൾസ്, ഒല ഇലക്ട്രിക്, ബൂം മോട്ടോഴ്‌സ് എന്നിവ നിർമ്മിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ, തീപിടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു  കേന്ദ്ര  ഹെവി ഇൻഡസ്ട്രീസ് സഹമന്ത്രി കൃഷ്ണൻ പാൽ ഗുർജാർ ലോക് സഭയിൽ  മറുപടി നൽകി.വിവിധയിനം ഇലക്ട്രിക് വാഹനങ്ങളുടെ തീപിടിത്തത്തിന്റെ മൂലകാരണം അന്വേഷിക്കുന്നതിനും പരിഹാരമാർഗങ്ങൾ ശുപാർശ ചെയ്യുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, പ്രതിരോധ ഗവേഷണ വികസന സംഘടന – ഡിആർഡിഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബെംഗളൂരു, വിശാഖപട്ടണം നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലബോറട്ടറി (എൻഎസ്‌ടിഎൽ) എന്നിവിടങ്ങളിൽ നിന്നുള്ള സ്വതന്ത്ര വിദഗ്ധരുടെ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നതായും കേന്ദ്ര  ഹെവി ഇൻഡസ്ട്രീസ് സഹമന്ത്രി കൃഷ്ണൻ പാൽ ഗുർജാർ ലോക് സഭയിൽ പറഞ്ഞു.
നിരന്തരമായി തീ പിടിച്ച് അപകടങ്ങൾക്ക് കാരണമാകുന്ന വിവിധയിനം ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള ഹൈബി ഈഡൻ എംപി യുടെ ചോദ്യങ്ങൾക്ക് മറുപടി നല്കുകയായിരുന്നു മന്ത്രി.മേൽ സൂചിപ്പിച്ച സ്വതന്ത്ര വിദഗ്ധരുടെ അന്വേഷണ സംഘത്തിനു പുറമെ, റോഡ് ഗതാഗത  ഹൈവേ മന്ത്രാലയം, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററിയുടെയും അതിന്റെ ഘടകങ്ങളുടെയും,ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിന്റെയും (ബിഎംഎസ് ) അനുബന്ധ സംവിധാനങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ നിർദേശിക്കുന്നതിനായി  വിദഗ്ധരുടെ ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
ക്വാഡ്രിസൈക്കിളുകൾ, ഇ-റിക്ഷകൾ, ഇരുചക്രവാഹനങ്ങൾ, നാലുചക്ര വാഹനങ്ങൾ,  എന്നിവയുൾപ്പെടെ എല്ലാ വിഭാഗത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെയും നിർമ്മാണത്തിന് ബന്ധപ്പെട്ട ഉൽപ്പാദന അനുരൂപതയുടെ  ആവശ്യകതകൾക്കായി കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page