കണ്ണൂർ: ലോക്കോ പൈലറ്റിനെ വിശ്രമ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്, ബാലുശ്ശേരി സ്വദേശി ചീപ്പാടന്ക്കണ്ടി ഹൗസില്‍ കെ.കെ.ഭാസ്ക്കരന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 11.30 മണിയോടെ കണ്ണൂരിലെത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റായിരുന്നു. പുലര്‍ച്ചെ തിരികെ ആലപ്പുഴയ്ക്കുള്ള യാത്രയിലും ട്രെയിന്‍ ഓടിക്കേണ്ടത് ഇദ്ദേഹമായിരുന്നു.പുലര്‍ച്ചെ വിളിച്ചുണര്‍ത്താന്‍ നിയോഗിക്കപ്പെട്ട ജീവനക്കാരന് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതം ആയിരിക്കും മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.