പിജി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്തു; ഡോ.വന്ദന ദാസിന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ മുന്‍പന്തിയില്‍ നിന്നതും റുവൈസ്

തിരുവനന്തപുരം: സ്ത്രീധനത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്. സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ പിജി ഡോക്ടറായ ഷഹ്ന ജീവനൊടുക്കിയത്. കേസില്‍ മെഡി. കോളേജ് പൊലീസ് ഡോക്ടര്‍ റുവൈസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊട്ടാരക്കരയിലെ ഡോ. വന്ദന ദാസിന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഡോ റുവൈസ് ആണ് ഇന്ന് സ്ത്രീധനത്തിന്റെ പേരില്‍ ഷഹന എന്ന യുവ ഡോക്ടറെ മരണത്തിലേക്ക് നയിച്ചിരിക്കുന്നത്. വന്ദന ദാസിന്റെ മരണത്തില്‍ റുവൈസ് നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. അന്ന് സുരക്ഷാ പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്കെതിരെ ആഞ്ഞടിച്ച യുവഡോക്ടറാണ് ഇന്ന് 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറും സ്ത്രീധനമായി ചോദിച്ച് ഒരു വനിതാ ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടത്.
അതേസമയം, ഡോ.ഇ.എ.റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തി. ഡോ. ഷഹനയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page