വെബ്ബ് ഡെസ്ക്: ഗുജറാത്തിലെ ഖേഡ ജില്ലയിൽ മീഥൈൽ ആൽക്കഹോൾ (മെഥനോൾ) അടങ്ങിയ ആയുർവേദ മരുന്ന് കുടിച്ചതിനെ തുടര്‍ന്ന് അഞ്ച് പേർ മരിച്ചു. പ്രതികളായ അഞ്ചുപേര്‍ക്ക് എതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അഞ്ച് പ്രതികളിൽ മൂന്ന് പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ബിലോദര, ബാഗ്ദു ഗ്രാമങ്ങളിൽ നിന്നുള്ള അഞ്ച് പേർക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവർ മരണപ്പെട്ടു. പലചരക്ക് കടയിൽ നിന്ന് വാങ്ങിയ മരുന്ന് കഴിച്ചതുമായി ബന്ധപ്പെട്ടാണ് അഞ്ച് മരണങ്ങളും ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ‘കൽമേഘസാവ്-അസവ അരിഷ്ട’ എന്ന ഔഷധ ഉൽപ്പന്നത്തിന്റെ പേരാണ് കുപ്പികളിൽ ഉണ്ടായിരുന്നത്.
നദിയാഡിലെ യോഗേഷ്ഭായ് പരുമൾ സിന്ധി, ബിലോഡരയിലെ കിഷോർഭായ് സകൽഭായ് സോധ എന്ന നാരായൺ, ഈശ്വർഭായ് സകൽഭായ് സോധ, നിതിൻ കോട്വാനി, വഡോദരയിലെ ഭവേഷ് സേവകാനി എന്നീ അഞ്ച് പേർക്കെതിരെ നരഹത്യക്കാണ് കേസ് എടുത്തിട്ടുളളത്.