ഉത്തരകാശി: തുരങ്കത്തില്‍ കുടുങ്ങി മൂന്ന് ആഴ്ചക്ക് ശേഷം അവർ രക്ഷാ കരങ്ങളിലൂടെ പുതുവെളിച്ചത്തിലേക്ക്. ഉത്തരാഖണ്ഡിലെ സില്‍കാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിച്ചു തുടങ്ങി. ഇതിനകം 15 പേരെ പുറത്തെത്തിച്ചിട്ടുണ്ട്. രാത്രി ഏഴേമുക്കാലോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. തുരങ്കത്തിലേക്ക് ആംബുലൻസ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലൻസിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. അതിനാല്‍ 41 പേരെയും പുറത്തേക്ക് കൊണ്ടുവരാൻ ഏറെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്
തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്‌ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങള്‍ തുരങ്കത്തിന് അകത്തേക്ക് കയറിയതിനു പിന്നാലെയാണ് ഓരോരുത്തരെയായി പുറത്തെത്തിക്കുന്നത്. ഇവരെ കൊണ്ടുപോകാനായി ആംബുലൻസുകളും തുരങ്കത്തിനുള്ളിലേക്കു പോയിട്ടുണ്ട്. രക്ഷപ്പെടുത്തുന്നവര്‍ക്കു പ്രാഥമിക ചികിത്സ നല്‍കാനായി തുരങ്കത്തിനകത്തു തന്നെ താത്ക്കാലിക ഡിസ്‌പെൻസറി സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ പരിശോധന നടത്തിയശേഷമാണ് തൊഴിലാളികളെ ആംബുലൻസില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്.
അപകടം നടന്ന് 17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞത്. നവംബര്‍ 12-ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. പുറത്തെത്തിച്ച തൊഴിലാളികളുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കൂടിക്കാഴ്ച നടത്തി. ദൗത്യം വിജയിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് സംഘത്തിനൊപ്പമുള്ള വിദഗ്ധൻ ക്രിസ് കൂപ്പറും രംഗത്തെത്തി.