നവ കേരള സദസ്സിന് പൈവളിഗെയിൽ തുടക്കം;മന്ത്രിമാരെ സ്വീകരിച്ചത് തുളു ശൈലിയിൽ തൊപ്പിയണിയിച്ച്; കേരളത്തിന്‍റെ വികസന നേട്ടം എണ്ണിപറഞ്ഞും കേന്ദ്രത്തെയും കോൺഗ്രസ്സിനെയും കടന്നാക്രമിച്ചും മുഖ്യമന്ത്രിയുടെ പ്രസംഗം

മഞ്ചേശ്വരം: നവ കേരള സദസ്സിന് കാസർകോട് മഞ്ചേശ്വരം പൈവളിഗെയിൽ മികച്ച തുടക്കം.പ്രൗഡഗംഭീര സദസ്സിൽ വച്ച് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണി പറഞ്ഞും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനെയും കോൺഗ്രസ്സിനെയും കടന്നാക്രമിച്ചുകൊണ്ടും ആയിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.

2016 ന്ന് മുൻപ് വരെ കേരളീയർ കടുത്ത നിരാശയിൽ ആയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.യു.ഡി.എഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകുമായിരുന്നില്ല. ലൈഫ് പദ്ധതിയിൽ അടക്കം മികച്ച നേട്ടം ഉണ്ടാക്കാൻ സർക്കാരിന് ആയി. പദ്ധതിയിൽ 4 ലക്ഷം വീടുകൾ നിർമ്മിക്കാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തെ സാമ്പത്തികമായി തകർക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമം. രാജ്യത്ത് നിയമന നിരോധനം നിലനിൽക്കുകയാണെന്നും സംസ്ഥാന സർക്കാർ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചെന്നും നിയമനങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നവ കേരള സദസ്സിൽ പങ്കെടുക്കുന്നതിൽ നിന്ന് മഞ്ചേശ്വരം എം.എൽ.എയെ കോൺഗ്രസ്സ് വിലക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്ഥലം എം.എൽ.എ യെ വിലക്കിയത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. പരിപാടിയെ ഇകഴ്ത്തി കാട്ടി വിവാദം ഉണ്ടാക്കാനാണ് ശ്രമം നടന്നത്. നവ കേരള ബസ്സിന്‍റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ലെന്നും മാധ്യമങ്ങൾക്ക് ബസ് പരിശോധിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരിപാടിക്കായി കാസർകോട് ഗസ്റ്റ് ഹൗസിൽ നിന്നും ബസ്സിൽ എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. പരമ്പരാഗത തുളു ശൈലിയിലുള്ള തൊപ്പിയും  മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ധരിപ്പിച്ചു. പ്ലാസ്റ്റിക്കിനെതിരെയും മാലിന്യങ്ങൾക്ക് എതിരെയും പ്രതിജ്ഞയെടുത്ത് കൊണ്ടാണ് പരിപാടിക്ക് തുടക്കമായത്. ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണ് ‘നവകേരള സദസ്’. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്‍റെ സമാപനം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്താണെന്ന് ആരോപിച്ച് യുഡിഎഫ് നവകേരളസദസ് ബഹിഷ്കരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page