തിരുവനന്തപുരം: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ രണ്ട് ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു. 18ാം തീയതി മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഷൊറണൂര്‍ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും 19ാം തീയതി തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂര്‍-എറണാകുളം മെമു എക്സ്പ്രസ് (06017), ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്. സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്കാര്‍ ദുരിതം നേരിടുന്നതിനിടെയാണ് എട്ട് ട്രെയിനുകള്‍ റദ്ദാക്കിയത്. രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചതോടെ സംസ്ഥാനത്തൂടെ സര്‍വീസ് നടത്തുന്ന പല ട്രെയിനുകളും പിടിച്ചിടുന്നതും സ്റ്റേഷനില്‍ എത്താന്‍ വൈകുന്നതും പതിവാണ്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)