കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലയില്‍ ഹെപ്പറ്റൈറ്റിസ് എ പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

കാസര്‍കോട്: ജില്ലയിലെ പൈവളിഗെ, മീഞ്ച ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. നിലവില്‍ പൈവളിഗെ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ 39 പേര്‍ക്കും മീഞ്ച പഞ്ചായത്ത് പരിധിയില്‍ 15 പേര്‍ക്കും മഞ്ഞപിത്തം എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രോഗപകര്‍ച്ച തടയുന്നതിനു വേണ്ടി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊജ്ജിതപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനം തീരുമാനിക്കുന്നതിനും വേണ്ടി എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാര്‍, പെരിയ കേന്ദ്ര സര്‍വകലാശാലയിലെ വൈറോളജി വിഭാഗത്തിലെ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കും.ഹെപ്പറ്റൈറ്റിസ് എ (HAV)വൈറസ് ആണ് ഈ രോഗത്തിന് കാരണം. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇതു പകരുന്നത്. ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങള്‍ സാധാരണയായി രോഗാണു ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം 2 മുതല്‍ 6 ആഴ്ചകള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുന്നു. ലക്ഷണങ്ങള്‍ സാധാരണയായി 2 മുതല്‍ 12 ആഴ്ചവരെ നീണ്ടുനില്‍ക്കും.

ലക്ഷണങ്ങള്‍

മഞ്ഞപ്പിത്തം (ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം), ഇരുണ്ട നിറമുള്ള മൂത്രം, കടുത്ത ക്ഷീണം
ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, തലവേദന, പേശിവേദന, പനി എന്നിവയാണ് ലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങള്‍ ഗുരുതരമാണെങ്കില്‍ കരളിനെ ബാധിച്ചേക്കാം.

പ്രതിരോധ മാർഗങ്ങൾ

മലമൂത്ര വിസര്‍ജനം ശൗചാലയത്തില്‍ മാത്രം ചെയ്യുക ആഹാരത്തിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിനും ശേഷവും കൈകള്‍ സോപ്പും വെള്ളവുമപോയോഗിച്ച് വൃത്തിയായി കഴുകുക. കുടിക്കുവാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ഐസിന്റെ ശുചിത്വം ഉറപ്പ് വരുത്താതെ കടകളില്‍ നിന്ന് വില്പന നടത്തുന്ന പാനീയങ്ങള്‍, ജ്യൂസ്, ഐസ് ഉപയോഗിച്ച് നിര്‍മിക്കുന്ന മറ്റു ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗികാതിരിക്കുക. മലിനമായവെള്ളത്തില്‍ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങള്‍,പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ കഴുകുന്നത് എന്നിവ ഒഴിവാക്കുക. തൂവാല, തോര്‍ത്ത് മുതലായ വ്യക്തിഗത സാധനങ്ങള്‍ പങ്കു വെക്കാതിരിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചെന്ന് ചികിത്സ തേടണമെന്നും സ്വയം ചികിത്സിക്കരുതെന്നും,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page