കണ്ണൂർ: തലശ്ശേരി ജില്ലാ കോടതിയിൽ ജീവനക്കാർക്കും അഭിഭാഷകർക്കുമുൾപ്പെടെ നൂറോളം പേർക്ക് അസ്വസ്ഥതയുണ്ടായതിനു കാരണം സിക വൈറസ് ബാധയെന്ന് സൂചന. രോഗലക്ഷണങ്ങളുണ്ടായ ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിക്കുന്നുണ്ട്.
മറ്റുള്ളവർക്കും വൈറസ് ബാധയാണോ ഉണ്ടായത് എന്നതിൽ സ്ഥിരീകരണം ആയിട്ടില്ല. രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകളിൽ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ഒരാളിൽ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതൽ പേരെ പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.നൂറോളം പേർക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും ഉണ്ടായത്. സിക വൈറസിന്റെ ലക്ഷണങ്ങളാണ് ഇത്.കൊതുകു പരത്തുന്ന രോഗമാണ് സിക. തലവേദന, പനി, പേശിവേദന, വീക്കം. ചർമ്മത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.ഒരേ രോഗലക്ഷണങ്ങൾ നൂറോളം പേർക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലർക്ക് അനുഭവപ്പെട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് പലർക്കും ലക്ഷണങ്ങൾ ഉണ്ടായത്.കഴിഞ്ഞ ദിവസം കർണാടകയിലെ ചിക് ബല്ലാപൂർ ജില്ലയിലും സിക സ്ഥിരീകരിച്ചിരുന്നു. കൊതുകുകളിലാണ് സിക സാന്നിധ്യം സ്ഥിരീകരിച്ചത്.