കാസർകോട്: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും, ഇടിമിന്നലിലും വ്യാപക കൃഷിനാശം.
മലയോര മേഖലകളിലായിരുന്നു കടുത്ത നാശം. കവുങ്ങ്, തെങ്ങ്, റബ്ബര്‍, വാഴ, ഫലവൃക്ഷങ്ങള്‍ എന്നിവ ഒടിഞ്ഞും കടപുഴകിയും നിലംപതിച്ചു.
ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ വ്യാപകനാശം നേരിട്ടു. മരങ്ങള്‍ റോഡിലേക്കു മറിഞ്ഞു ഗതാഗത തടസ്സവുമുണ്ടായി. മരങ്ങള്‍ വീണു വൈദ്യുതി ബന്ധം പലയിടത്തും പാടെ തടസ്സപ്പെട്ടു.മുന്നാട്ട് റോഡിലേക്കു മറിഞ്ഞ റബ്ബര്‍ മരം രാത്രിതന്നെ ഫയര്‍ഫോഴ്‌സ് നീക്കം ചെയ്‌തു. പൊനൂര്‍ പാറയിലെ വേണു നായരുടെ കവുങ്ങുകളും പമ്പുഹൗസും കാറ്റിലും ഇടിമിന്നലിലും നശിച്ചു.
കാഞ്ഞങ്ങാട്ട് നിരവധി വീടുകള്‍ക്കു നാശം നേരിട്ടു. ചാത്തമത്തെ സി.കെ.സത്യനാഥന്‍ നമ്പ്യാരുടെ വീടിന്റെ ചുമരുകള്‍ ഇടിമിന്നലേറ്റു വീണ്ടു കീറിയിട്ടുണ്ട്. ഇടിമിന്നലില്‍ തെങ്ങുകള്‍ക്കും നാശം നേരിട്ടു. പനയാല്‍ ഞെക്ലിയിലെ കെ.ബാലകൃഷ്‌ണന്റെ വീടിന്റെ വയറിംഗ് കത്തി നശിച്ചു. ഉദുമ ആറാട്ടുകടവില്‍ സാവിത്രിയുടെ വീടിനും ഇടിമിന്നലില്‍ നാശമുണ്ടായി. വീടിന്റെ ഫൗണ്ടേഷനു വിള്ളലേറ്റിട്ടുണ്ട്. മുക്കുന്നോത്ത് ഭഗവതി ക്ഷേത്രത്തിനടുത്തെ രമേശന്‍, അനില്‍ എന്നിവരുടെ വീടുകളിലെ വയറിംഗും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഇടിമിന്നലില്‍ നശിച്ചു.
കോളിയടുക്കം, പെരുമ്പള വിഷ്‌ണുപ്പാറ, ഭജന മന്ദിരത്തിനു സമീപത്തെ കെ.മുരളീധരന്റെ വീടിന് ഇടിമിന്നലില്‍ നാശമുണ്ടായി. വീടിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നു. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വയറിംഗും കത്തിനശിച്ചു. ഫാനുകള്‍, ടി.വി, ഇന്‍വര്‍ട്ടര്‍, എല്‍.ഇ.ഡി ബള്‍ബുകള്‍ എന്നിവയും നശിച്ചു. മെയിന്‍ സ്വിച്ചും കത്തി നശിച്ചു. ചട്ടഞ്ചാല്‍ വില്ലേജ് ഓഫീസില്‍ പരാതി നല്‍കി. പൊയ്‌നാച്ചി-ബന്തടുക്ക റോഡിലെ മുന്നാട്, പേര്യ, കുറത്തിക്കുണ്ടില്‍ ഇന്നലെ രാത്രി കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണു. കുറ്റിക്കോല്‍ ഫയര്‍ ഫോഴ്‌സെത്തി മരം മുറിച്ചു മാറ്റിയതോടെയാണ് ഗതാഗത തടസ്സം നീങ്ങിയത്. വിദ്യാനഗറിലെ ഒരു ഫ്‌ളാറ്റിനടുത്തു മരം വീണുണ്ടായ ഗതാഗതതടസ്സം ഫയര്‍ഫോഴ്‌സ് മരം മുറിച്ചു മാറ്റി നീക്കം ചെയ്‌തു.
ജില്ലയില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത കാറ്റിലും മഴയിലും ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്.