കാസർകോട്: കോളേജിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ശേഷം കാണാതായ കോളേജ് വിദ്യാര്‍ത്ഥികളെ മുംബൈയില്‍ കണ്ടെത്തി. കേരള മുസ്ലീംജമാഅത്ത് ഭാരവാഹികളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളെ നാട്ടിലേയ്‌ക്ക് എത്തിക്കുന്നതിനു ശ്രമം തുടങ്ങി.ചെടേക്കാല്‍, ആസാദ്‌നഗര്‍, ബദിയഡുക്ക സ്വദേശികളെയാണ് കഴിഞ്ഞ ദിവസം മുംബൈ ഡോംഗ്രിയിലെ മലയാളി ഹോട്ടലിനു മുന്നില്‍ നിന്നു കണ്ടെത്തിയത്. മംഗ്‌ളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികളാണ് മൂന്നുപേരും. അഞ്ചുദിവസം മുമ്പ് കോളേജിലേയ്‌ക്ക് പോയ ഇവര്‍ വീടുകളില്‍ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ബൈക്കുകള്‍ മംഗ്‌ളൂരു റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. അന്വേഷണത്തില്‍ മൂന്നുപേരും മുംബൈയിലേയ്‌ക്ക് പോയതാണെന്ന സംശയം ശക്തമായി. തുടര്‍ന്ന് ബദിയഡുക്കയിലെ പൊതു പ്രവര്‍ത്തകര്‍ മുംബൈയിലെ മുസ്ലീം ജമാഅത്ത് ഭാരവാഹികളുമായി ബന്ധപ്പെട്ടു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികളെ മലയാളി ഹോട്ടലിനു മുന്നില്‍ വച്ച് പിടിയിലായത്. ഇവര്‍ എന്തിനാണ് നാടുവിട്ടതെന്നു വ്യക്തമായിട്ടില്ല.