ലഖ്നൗ: അവസാനമായി അമ്മ സാവിത്രി ദേവിയെ കാണാനെത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പഞ്ചൂർ ഗ്രാമത്തിലെത്തിയ അദ്ദേഹം മാതാവിന്റെ ഭൗതികദേഹത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. സമൂഹമാധ്യമത്തിൽ ഓം ശാന്തി എന്ന് കുറിച്ച് മാതാവിന്റെ ഫോട്ടോ സഹിതം സന്ദേശം പോസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ യുവാക്കൾക്കുള്ള ടാബ്‌ലെറ്റ് വിതരണ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആദിത്യനാഥിന് അമ്മയുടെ മരണവാർത്ത അറിയുന്നത്. പിന്നീട് അദ്ദേഹം തന്റെ മറ്റ് പരിപാടികൾ റദ്ദാക്കി ഉത്തരാഖണ്ഡിലേക്ക് പോയി. ഗോണ്ട ജില്ലയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനവും റദ്ദാക്കി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സാവിത്രി ദേവി (91) അന്തരിച്ചത്. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയിലെ യംകേശ്വര്‍ ബ്ലോക്കിലുള്ള പഞ്ചൂര്‍ ഗ്രാമത്തിലെ തറവാട്ടുവീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. യോഗിയുടെ സഹോദരന്‍ മഹേന്ദ്രയാണ് മരണവിവരം സ്ഥിരീകരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു സാവിത്രി ദേവി. മരണത്തിന് തൊട്ടുമുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. ജന്മഗ്രാമമായ പഞ്ചൂരില്‍ ലളിതമായ ജീവിതം നയിച്ചിരുന്ന സാവിത്രി ദേവിയുടെ ഭര്‍ത്താവ് ആനന്ദ് സിംഗ് ബിഷ്ത് 2020 ഏപ്രിലിലാണ് അന്തരിച്ചത്. യോഗി അടക്കം നാല് ആൺമക്കളും മൂന്ന് പെൺമക്കളുമാണ് അവർക്കുള്ളത്. ശനിയാഴ്ച ഹരിദ്വാറിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഇതിനായുള്ള ക്രമീകരണങ്ങള്‍ കുടുംബവുമായി ചേര്‍ന്ന് പ്രാദേശിക ഭരണകൂടവും പൊലീസും ഏകോപിപ്പിച്ചുവരികയാണെന്ന് പൗരി ഗര്‍വാള്‍ എസ്.എസ്.പി സര്‍വേഷ് പന്‍വാര്‍ വ്യക്തമാക്കി.
സാവിത്രി ദേവിയുടെ വിയോഗത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ പങ്കജ് ചൗധരി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. യോഗി ആദിത്യനാഥിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി നേതാക്കള്‍ അറിയിച്ചു.









